Currency

നഴ്‌സറി നിയമത്തില്‍ ഇളവ്; അബുദാബിയില്‍ കൂടുതല്‍ നഴ്‌സറികള്‍ വരുന്നു

സ്വന്തം ലേഖകന്‍Tuesday, August 6, 2019 3:43 pm

അബുദാബി: എമിറേറ്റില്‍ നഴ്‌സറികള്‍ക്ക് സ്വതന്ത്ര കെട്ടിടം വേണമെന്ന നിയമത്തില്‍ ഇളവ് നല്‍കി വിദ്യാഭ്യാസ വകുപ്പ്. താഴത്തെ നിലയിലോ ഒന്നാം നിലയിലോ ആയിരിക്കണമെന്ന വ്യവസ്ഥയോടെ ഇനി മുതല്‍ നഴ്‌സറികള്‍ക്കു പെര്‍മിറ്റ് നല്‍കും. ഇരുനില വില്ലകളിലും അനുമതി ലഭിക്കും. നഴ്‌സറികളുടെ പ്രവര്‍ത്തന സമയം ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ ഉച്ച 2 വരെയാക്കി കുറയ്ക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ആവശ്യമെങ്കില്‍ 4 മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കാന്‍ സാധിക്കും.

ഇതിനായി പ്രത്യേക പെര്‍മിറ്റ് വാങ്ങണം. ഔദ്യോഗിക അവധി ദിവസങ്ങളിലും വാരാന്ത്യ അവധികളിലും നഴ്‌സറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. സേവനവും സൗകര്യവും അനുസരിച്ച് നടത്തിപ്പുകാര്‍ക്ക് ഫീസ് നിശ്ചയിക്കാം. 3 വര്‍ഷം കൂടുമ്പോള്‍ മാത്രമാണു ഫീസ് വര്‍ധനയ്ക്ക് അനുമതി. ഫീസ് പട്ടിക എല്ലാ വര്‍ഷവും ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങണം. ഫീസ് വര്‍ധനയ്ക്ക് അനുമതി ലഭിക്കുകയാണെങ്കില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സെപ്റ്റംബറിലാണ് പ്രാബല്യത്തിലാകുക. ജൂണിനു മുന്‍പ് ഇക്കാര്യം രക്ഷിതാക്കളെ അറിയിക്കുകയും വേണം.

കുഞ്ഞുങ്ങളുടെ ശാരീരിക, മാനസിക വികാസത്തിനാവശ്യമായ സംവിധാനങ്ങള്‍ നഴ്‌സറികളില്‍ ഉണ്ടാകണം. ബഹളമയമായ അന്തരീക്ഷത്തില്‍ നിന്നു മാറിയാകണം കെട്ടിടം. കുട്ടികള്‍ അപകടത്തില്‍ പെടാനുള്ള സാചര്യമുണ്ടാകരുത്. ആരോഗ്യകരമായ ചുറ്റുപാടിലായിരിക്കണം, ശുചീകരണ സൗകര്യങ്ങളും പരിശോധിക്കും. അഗ്‌നിശമന സംവിധാനമടക്കം എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടാകണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x