
ഷാര്‍ജ: ഇന്ത്യയ്ക്കു പുറത്ത് എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിങ് മെയിന്റനന്‍സ് കേന്ദ്രം ഷാര്‍ജ സെയ്ഫ് സോണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷാര്‍ജയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടായിരുന്നു പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം.
എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെയും ലൈന്‍ മെയിന്റനന്‍സാണ് ഷാര്‍ജയിലെ കേന്ദ്രത്തില്‍ നടത്തുക. പിന്നീട് ജെറ്റ് എയര്‍വെയ്സ് ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റു സ്വകാര്യ വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും ഏറ്റെടുക്കുന്നതോടൊപ്പം വിദേശ എയര്‍ലൈനുകളെയും ലക്ഷ്യമിടുന്നുണ്ട്. പ്രീഫ്ളൈറ്റ് ഇന്‍സ്പെക്ഷന്‍, അപ്രൂവ്ഡ് മെയിന്റനന്‍സ്, വീക്ലി ഇന്‍സ്പെക്ഷന്‍ തുടങ്ങിയവയാണ് ലൈന്‍ മെയിന്റനന്‍സില്‍ ഉള്‍പ്പെടുക. 40 മിനിറ്റ് കൊണ്ട് ഒരു വിമാനത്തിന്റെ സര്‍വീസ് പൂര്‍ത്തിയാക്കും. നാലു സാങ്കേതിക വിദഗ്ധരാണ് നിലവിലുള്ളത്.
റാസല്‍ഖൈമയിലും ഉടന്‍ ഇത്തരമൊരു കേന്ദ്രം തുടങ്ങും. ഇതിനുള്ള ലൈസന്‍സ് കിട്ടിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള യുഎഇയില്‍ ഇത്തരമൊരു കേന്ദ്രത്തിനു പ്രാധാന്യമേറെയാണെന്നതിനൊപ്പം മേഖലയില്‍ ഈ സംവിധാനം മറ്റാര്‍ക്കുമില്ല. നിലവില്‍ നാട്ടില്‍ നിന്നു ടെക്നീഷ്യന്‍മാര്‍ വന്നാണ് അറ്റകുറ്റപ്പണി നടത്തുന്നത്. കേന്ദ്രം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ നിലവിലുള്ള പല വെല്ലുവിളികളെയും അതിജീവിക്കാനാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.