Currency

ഡല്‍ഹി അതിഗുരുതരമായ അന്തരീക്ഷനിലയില്‍

സ്വന്തം ലേഖകന്‍Tuesday, December 27, 2016 12:48 pm

അന്തരീക്ഷത്തില്‍ ലയിക്കുന്ന മലിനവസ്തുക്കളുടെ അളവ് 427 മൈക്രോഗ്രാം പ്രതി ക്യുബിക് മീറ്ററായെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വെളിപ്പെടുത്തി. അതിഗുരുതരമായ അന്തരീക്ഷനിലയാണ് ഇപ്പോഴുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. നഗരത്തില്‍ വേണ്ടത്ര കാറ്റ് അനുഭവപ്പെടുന്നില്ല.

ന്യൂഡല്‍ഹി: തലസ്ഥാനത്തെ വായു മലിനീകരണം വീണ്ടും ദുസഹമായിത്തുടങ്ങി. അന്തരീക്ഷത്തില്‍ ലയിക്കുന്ന മലിനവസ്തുക്കളുടെ അളവ് 427 മൈക്രോഗ്രാം പ്രതി ക്യുബിക് മീറ്ററായെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വെളിപ്പെടുത്തി. അതിഗുരുതരമായ അന്തരീക്ഷനിലയാണ് ഇപ്പോഴുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. നഗരത്തില്‍ വേണ്ടത്ര കാറ്റ് അനുഭവപ്പെടുന്നില്ല. മഞ്ഞിനൊപ്പം അന്തരീക്ഷത്തില്‍ തളം കെട്ടിക്കിടക്കുകയാണ് വിഷപ്പുക.

വാഹനപ്പുകയാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞദിവസങ്ങളിലെ ഗതാഗതക്കുരുക്ക് പ്രശ്‌നം ഗുരുതരമാക്കി. മലിനവസ്തുക്കളുടെ അളവ് 400 മൈക്രോഗ്രാമില്‍ കൂടുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ശ്വാസതടസം പോലുള്ള ശാരീരികപ്രശ്‌നങ്ങള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ബാധിക്കും. കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള സഫറിന്റെ നിരീക്ഷണമനുസരിച്ച് പി.എം 2.5ന്റെ അളവ് 337 മൈക്രോഗ്രാമും പി.എം. പത്തിന്റെ തോത് 522 മൈക്രോഗ്രാമുമാണ്. പി.എം 2.5ന് 60 മൈക്രോഗ്രാമും പി.എം. പത്തിന് നൂറു മൈക്രോഗ്രാമുമാണ് സുരക്ഷാപരിധി.

ഡല്‍ഹിക്കു പുറമെ, ഗുഡ്ഗാവ്, നോയ്ഡ എന്നീ എന്‍.സി.ആര്‍. മേഖലകളിലും അതിദുസഹമാണ് വായു മലിനീകരണം. ഈ മേഖലകളെ കേന്ദ്രമലിനീകരണ ബോര്‍ഡ് അതീവ അപകടനിലയെന്നനിലയില്‍ ചുവപ്പു വിഭാഗത്തില്‍ രേഖപ്പെടുത്തി. അതേസമയം, ഡിസംബര്‍ മാസത്തിലെ അതിശൈത്യത്തിലേക്ക് നഗരം പ്രവേശിച്ചിട്ടില്ലെങ്കിലും കടുത്ത മൂടല്‍മഞ്ഞു തുടരുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x