
അജ്മാന്‍: എമിറേറ്റില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ട്. ഒന്‍പതുമാസത്തിനിടെ ഗുരുതര സ്വഭാവമുള്ള 126 അപകടങ്ങള്‍ മാത്രമാണു റിപ്പോര്‍ട്ട് ചെയ്തത്. 27,000ല്‍ അധികം അപകടങ്ങള്‍ ഉണ്ടായിട്ടുള്ള അജ്മാനില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഗുരുതരമായ അപകടങ്ങള്‍ കുറവാണ്. ഗതാഗതവകുപ്പു നടത്തിയ നിരന്തര ട്രാഫിക് ബോധവല്‍ക്കരണ പദ്ധതികളുടെ വിജയമാണിതെന്ന് അജ്മാന്‍ പൊലീസ് തലവന്‍ മേജര്‍ അല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍നുഅയ്മി അഭിപ്രായപ്പെട്ടു.
വാഹനം തട്ടിയുള്ള അപകടങ്ങളില്‍ 27 ശതമാനമാണ് കുറവുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വാഹനം തട്ടിയുള്ള അപകടങ്ങള്‍ 77 എണ്ണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം 60 ആയി കുറഞ്ഞു. സുരക്ഷിതമായി സഞ്ചരിക്കാന്‍ നഗരസഭ ഒരുക്കിയ നൂതന സൗകര്യങ്ങള്‍ അപകടങ്ങള്‍ കുറയാന്‍ സഹായകമായിട്ടുണ്ട്. ഗുരുതരമായ വാഹനാപകടങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം 13 പേര്‍ മരിച്ചിരുന്നു. ഈ വര്‍ഷം ഒന്‍പതുമാസം പിന്നിട്ടപ്പോള്‍ ഇത് 15 ആയെന്നും മേജര്‍ വെളിപ്പെടുത്തി. അശ്രദ്ധയും അമിതവേഗവുമാണു മരണസംഖ്യയില്‍ വര്‍ധന ഉണ്ടാക്കിയത്.
എമിറേറ്റില്‍ റോഡ് നിരീക്ഷണവും നൂതന ക്യാമറകളും കൂടിയെങ്കിലും നിയമലംഘനങ്ങള്‍ കുറഞ്ഞിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 46033 നിയമലംഘനങ്ങള്‍ മാത്രമാണു രേഖപ്പെടുത്തിയതെങ്കില്‍ ഇഇ വര്‍ഷം അത് 48145 ആയി ഉയര്‍ന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.