Currency

ദുബായിലെ വാഹനങ്ങള്‍ക്ക് 2020ഓടെ പുതിയ മാതൃകയിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു

സ്വന്തം ലേഖകന്‍Friday, December 21, 2018 2:46 pm

ദുബായ്: ദുബായിലെ വാഹനങ്ങള്‍ക്ക് 2020 ഓടെ പുതിയ മാതൃകയിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യു.എ.ഇയിലെ മുഴുവന്‍ വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഏകമാന സ്വഭാവം കൊണ്ടുവരികയാണ് ലക്ഷ്യം.

2020 ജനുവരി ഒന്ന് മുതലാണ് തീരുമാനം നടപ്പാക്കുക. ഈ തീയതിക്ക് ശേഷം രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍, പുതുക്കുന്നതും കൈമാറ്റം ചെയ്യുന്നതുമായ നമ്പര്‍ പ്ലേറ്റുകള്‍ എന്നിവയെല്ലാം പുതിയ മാതൃകയിലേക്ക് മാറും. അടുത്ത വര്‍ഷം ജൂലൈ മുതല്‍ പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും സ്ഥാപനങ്ങളുടെ പക്കലുള്ള വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍പ്ലേറ്റുകള്‍ നല്‍കിത്തുടങ്ങും.

സ്വകാര്യ വാഹനങ്ങള്‍ക്ക് 2020 ജനുവരിയിലായിരിക്കും പരിഷ്‌ക്കരണം നിര്‍ബന്ധമാക്കുക. അതുവരെയുള്ള കാലയളവില്‍ പുതിയതിലേക്ക് മാറണമോയെന്ന് വാഹനയുടമകള്‍ക്ക് തീരുമാനിക്കാം. ചെറിയ നമ്പര്‍പ്ലേറ്റുകള്‍ക്ക് 35 ദിര്‍ഹവും വലിയതിന് 50 ദിര്‍ഹവുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിറമുള്ള ദുബായ് ലോഗോ പതിച്ച പുതിയ നമ്പര്‍പ്ലേറ്റാണെങ്കില്‍ 400 ദിര്‍ഹമാകും. ആഡംബര നമ്പര്‍പ്ലേറ്റുകള്‍ക്ക് 500 ദിര്‍ഹമാണ് വില.

ദുബായ് ബ്രാന്‍ഡും നമ്പറും കോഡും ഉള്‍പ്പെടുന്നതായിരിക്കും പുതിയ നമ്പര്‍ പ്ലേറ്റ്. ഒറ്റ കോഡില്‍ നിന്ന് ഇരട്ട കോഡുള്ളവയിലേക്ക് മാറുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. www.traffic.rta.ae എന്ന വെബ് സൈറ്റിലൂടെ പുതിയ നമ്പര്‍പ്ലേറ്റ് നേടാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x