Currency

ഇന്ത്യന്‍ വിപണിയിലേക്കുള്ള ഐഫോണുകള്‍ ബംഗളുരുവില്‍ നിര്‍മിക്കുന്നു

സ്വന്തം ലേഖകന്‍Sunday, January 1, 2017 11:08 am

ഇന്ത്യയില്‍ തന്നെ കുറഞ്ഞ വിലയില്‍ ഫോണുകള്‍ വില്‍ക്കാന്‍ ഇന്ത്യയിലെ നിര്‍മാണം വഴിയൊരുക്കും. പുറത്തുനിന്നു കൊണ്ടുവരുന്ന ഫോണുകള്‍ക്ക് കൊടുക്കേണ്ട 12.5 ശതമാനം അധിക നികുതിയില്‍നിന്ന് ഒഴിവാകുന്നതോടെയാണ് വിപണിയില്‍ മത്സരം ശക്തമാക്കി ഐഫോണുകള്‍ക്കു വിലകുറയ്ക്കാനാവുക.

ബംഗളുരു: ഇന്ത്യന്‍ വിപണിയിലേക്കുള്ള ഐഫോണ്‍ ഇനി ഇന്ത്യയില്‍ തന്നെ നിര്‍മിക്കും. ബംഗളുരുവിലെ പീന്യയിലുള്ള ഫാക്ടറിയില്‍നിന്ന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ഐഫോണുകള്‍ ഏപ്രിലില്‍ പുറത്തിറങ്ങും. ഇന്ത്യയില്‍ തന്നെ കുറഞ്ഞ വിലയില്‍ ഫോണുകള്‍ വില്‍ക്കാന്‍ ഇന്ത്യയിലെ നിര്‍മാണം വഴിയൊരുക്കും. പുറത്തുനിന്നു കൊണ്ടുവരുന്ന ഫോണുകള്‍ക്ക് കൊടുക്കേണ്ട 12.5 ശതമാനം അധിക നികുതിയില്‍നിന്ന് ഒഴിവാകുന്നതോടെയാണ് വിപണിയില്‍ മത്സരം ശക്തമാക്കി ഐഫോണുകള്‍ക്കു വിലകുറയ്ക്കാനാവുക. പൂര്‍ണ സജ്ജമായ നിര്‍മാണശാല ബംഗളുരുവില്‍ തയാറാക്കാനാണ് ആപ്പിളിന്റെ പദ്ധതി. ബംഗളുരുവില്‍നിന്നുള്ള നിര്‍മാണപദ്ധതിയെ ആപ്പിള്‍ വളരെ ഗൗരവത്തോടെയാണു കാണുന്നത്.

നേരത്തേ, മഹാരാഷ്ട്രയില്‍ ഐഫോണുകള്‍ നിര്‍മിക്കാനായി തായ്വാന്‍ ഫോണ്‍ നിര്‍മാണക്കമ്പനി ഫോക്‌സ്‌കോണ്‍ ഫാക്ടറി തുറക്കുമെന്നു വിവരമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ഷവോമിയുടെയും വണ്‍പ്ലസിന്റെയും ഫോണുകളായിരിക്കും തങ്ങള്‍ നിര്‍മിച്ചു നല്‍കുക എന്നു ഫോക്‌സ്‌കോണ്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് പീന്യയിലെ ഫാക്ടറിയില്‍നിന്ന് ഐഫോണുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്. ലോകത്തു വിവിധഭാഗങ്ങളിലായി ഫോക്‌സ്‌കോണിലുള്ള ഫാക്ടറികളിലാണ് ആപ്പിളിന്റെയും ഷവോമിയുടെയും വണ്‍പ്ലസിന്റെയും ലെനോവയുടെയും ഫോണുകള്‍ നിര്‍മിക്കുന്നത്.

ആപ്പിളിന്റെ ബംഗളുരുവിലെ രണ്ടാമത്തെ വലിയ പദ്ധതിയാണു ഫോണ്‍ നിര്‍മാണം. ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ആക്‌സിലറേറ്റര്‍ ബംഗളുരുവില്‍ സ്ഥാപിക്കുമെന്ന് ആപ്പിള്‍ കഴിഞ്ഞ മേയില്‍ പ്രഖ്യാപിച്ചിരുന്നു. ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ സ്വീകാര്യത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് കൂടുതല്‍ നിക്ഷേപത്തിന് ടിം കുക്ക് തയാറാകുന്നത്. 2015 ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ ഇരുപത്തഞ്ചു ലക്ഷം ഐഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചെന്നാണ് ഹോങ്കോംഗ് ആസ്ഥാനമായുള്ള ടെക്‌നോളജി മാര്‍ക്കറ്റ് റിസേര്‍ച്ചിന്റെ പഠനത്തില്‍ വ്യക്തമാകുന്നത്. തൊട്ടുമുമ്പത്തെ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് അമ്പതുശതമാനം അധികമാണ് ഇത്.

ബംഗളുരുവിലെ ഫാക്ടറിയിലേക്ക് ആപ്പിള്‍ ജോലിക്ക് ആളെയും ക്ഷണിച്ചിട്ടുണ്ട്. ഓപ്പറഷന്‍സ് പ്രോഗ്രാം മാനേജര്‍, പ്രൊഡക്ട് ക്വാളിറ്റി മാനേജര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതല്‍ സാങ്കേതിക തസ്തികകളിലേക്ക് വരും ദിവസങ്ങളില്‍ അപേക്ഷ ക്ഷണിച്ചേക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x