Currency

ഇന്ത്യക്കാർ കൂടുതലായി ആശ്രയിച്ചിരുന്ന 457 വിസ ഓസ്‌ട്രേലിയ നിർത്തലാക്കുന്നു

സ്വന്തം ലേഖകൻTuesday, April 18, 2017 7:37 pm

സിഡ്നി: ഇന്ത്യക്കാര്‍ ഏറ്റവുമധികം ആശ്രയിച്ചിരുന്ന തൊഴിൽ വിസ ഓസ്ട്രേലിയ നിർത്തലാക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും ഓസ്‌ട്രേലിയയിൽ തൊഴിൽ ചെയ്യാൻ അനുമതി നൽകുന്ന 457 വിസയാണ് സർക്കാർ നിർത്തലാക്കാൻ തീരുമാനിച്ചത്. ഇതിനു പകരം പുതിയ താത്കാലിക വിസ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ടേൺബുൾ അറിയിച്ചു.

വിദേശത്തുള്ളവർക്ക് ഓസ്‌ട്രേലിയയിൽ നാലുവർഷം വരെ തൊഴിൽ ചെയ്യാൻ അനുമതി നൽകുന്നതായിരുന്നു 457 വിസ. ആവശ്യത്തിന് വിദഗ്ത തൊഴിലാളികളെ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ഈ വിസ കൊണ്ടുവന്നത്. എന്നാൽ ഇതിന്റെ മറവില്‍ വൈദഗ്ദ്യമില്ലാത്തവര്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നത് പതിവായിരുന്നെന്നും ടേൺബുൾ അറിയിച്ചു.

ഓസ്‌ട്രേലിയയില്‍ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇനിമുതൽ തൊഴിൽ കാര്യങ്ങളിൽ പ്രഥമ പരിഗണന സ്വദേശികൾക്കായിരിക്കും. വിദേശികളെ പൂര്‍ണമായി വിലക്കുകയല്ല ലക്ഷ്യമെന്നും വിദഗ്ദരായ തൊഴിലാളികളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ടേൺബുൾ വ്യക്തമാക്കി.

നിലവില്‍ 95000 വിദേശികളാണ് 457 വിസ ഉപയോഗിച്ച് ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. അതേസമയം പുതിയതയി കൊണ്ടുവരുന്ന താൽക്കാലിക വിസ രാജ്യത്തേക്ക് ജോലിക്കായി എത്തുന്നവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ജോലിയിലുള്ള പ്രവർത്തി പരിചയവും കണക്കിലെടുത്താവും നൽകുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x