ഓസ്ട്രേലിയ: ഓസ്ട്രേലിയയുടെ വാക്സിനേഷന് പദ്ധതിയിലുള്‍പ്പെടുന്ന ആസ്ട്രസെനക്ക കൊവിഡ് വാക്സിന് വിതരണത്തിന് അനുമതി. രാജ്യത്ത് ആദ്യമായി അനുമതി ലഭിച്ച ഫൈസര്‍ വാക്സിന് ഫെബ്രുവരി 22 മുതല്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഓക്സ്ഫോര്‍ഡ്- ആസ്ട്രസെനക്ക വാക്സിന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന് (TGA) അനുമതി നല്‍കിയത്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന് നല്കാന് അനുമതി.
ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാകും 65 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്ക് വാക്സിന് നല്‍കുന്നതെന്ന് TGA അറിയിച്ചു. എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് അനുമതി നല്‍കിയതെന്നും മാര്‍ച്ച് ആദ്യം വാക്സിന് വിതരണം ആരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ആസ്ട്രസെനക്ക വാക്സിന്റെ 53.8 മില്യണ്‍ ഡോസുകളാണ് ഓസ്ട്രേലിയ വാങ്ങിയിരിക്കുന്നത്. മെല്‍ബണിലെ CSL സംവിധാനത്തിലാകും 50 മില്യണ്‍ ഡോസുകളും നിര്‍മ്മിക്കുന്നത്. എന്നാല്‍ ഈ വാക്സിന് എന്ന് വിതരണം ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.