Currency

ജനങ്ങള്‍ ഏറ്റവുമധികം കടബാധ്യതയില്‍ ജീവിക്കുന്ന രണ്ടാമത്തെ രാജ്യം ഓസ്ട്രേലിയയെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Sunday, October 20, 2019 12:57 pm

ഓസ്ട്രേലിയ: ജനങ്ങള്‍ ഏറ്റവുമധികം കടബാധ്യതയില്‍ ജീവിക്കുന്ന രണ്ടാമത്തെ രാജ്യം ഓസ്ട്രേലിയയെന്ന് ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്സ് (ആകട) ന്റെ റിപ്പോര്‍ട്ട്. 2019ന്റെ ആദ്യ പാദത്തിലെ കണക്കു പ്രകാരം, GDPയുടെ 119 ശതമാനമാണ് ഓസ്ട്രേലിയയിലെ ഗാര്‍ഹിക സാമ്പത്തിക ബാധ്യത.

സ്വിറ്റ്സര്‍ലന്റ് മാത്രമാണ് ഗാര്‍ഹിക കടത്തിന്റെ കാര്യത്തില്‍ ഓസ്ട്രേലിയയ്ക്ക് മുന്നിലുള്ള രാജ്യം. 130 ശതമാനമാണ് സ്വിറ്റ്സര്‍ലന്റില്‍ ഗാര്‍ഹിക കടവും GDPയുമായുള്ള അനുപാതം. ഇന്ത്യയില്‍ ഇത് 12 ശതമാനം മാത്രമാണ്.

1990ല്‍ ഓസ്ട്രേലിയയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോള്‍ ഉള്ള സാഹചര്യത്തേക്കാള്‍ കുടുംബങ്ങളുടെ ശരാശരി കടബാധ്യത മൂന്നിരട്ടിയായി ഉയര്‍ന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ലഭിക്കുന്ന വരുമാനത്തേക്കാള്‍ 190 ശതമാനം അധികം കടമാണ് ശരാശരി ഓസ്ട്രേലിയന്‍ കുടുംബങ്ങള്‍ക്കുള്ളതെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞ മാസം പുറത്തു വിട്ട കണക്കുകളും ചൂണ്ടിക്കാട്ടുന്നു.

വീടു വാങ്ങുന്നതിനുള്ള ചെലവാണ് സാമ്പത്തിക ബാധ്യത ഇത്രയും ഉയരാന്‍ കാരണമായിരിക്കുന്നത്. വരുമാനത്തിന്റെ 140 ശതമാനം അധികമാണ് വീടിനു വേണ്ടിയുള്ള കടം. മാത്രമല്ല, പലിശയിനത്തിലും, വായ്പകളുടെ മുതല്‍ തിരിച്ചടയ്ക്കുന്ന ഇനത്തിലും ഏറ്റവുമധികം പണം ചെലവാക്കുന്ന രാജ്യവും ഓസ്ട്രേലിയയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x