Currency

കേരളത്തിലെ പഴം, പച്ചക്കറിള്‍ക്ക് ഗള്‍ഫില്‍ വിലക്ക്

സ്വന്തം ലേഖകന്‍Monday, May 28, 2018 11:41 am

ദുബായ്: കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ഇറക്കുമതി നിരോധം ഏര്‍പ്പെടുത്തി. നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. കേരളത്തിലെ കയറ്റുമതി, കാര്‍ഷിക മേഖലക്ക് പുതിയ തീരുമാനം തിരിച്ചടിയാകും. എന്നാല്‍ ഗള്‍ഫിലെ വിപണിയെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി വിലക്കിയത്. പഴവും പച്ചക്കറിയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കയറ്റി അയക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. വിമാനത്താവളങ്ങള്‍, കാര്‍ഗോ കമ്പനികള്‍ എന്നിവക്ക് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചു. കേരളത്തില്‍ നിന്ന് ഇന്നലെ ദുബായ് വിമാനത്താവളത്തിലെത്തിയ ഇത്തരം ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കാന്‍ അനുമതി ലഭിച്ചിട്ടില്ല.

യുഎഇയിലേക്ക് മാത്രം കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ദിവസം 50 ടണ്ണിലേറെ പഴം, പച്ചക്കറി ഉല്‍പന്നങ്ങളാണ് എത്തുന്നത്. 23 ടണ്ണോളം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് മാത്രമെത്തുന്നു. കേരളത്തില്‍ നിന്ന് പുറപ്പെടുന്നു എങ്കിലും ഇവയില്‍ നല്ലൊരു പങ്ക് തമിഴ്‌നാട്ടില്‍ ഉല്‍പാദിച്ചവയാണ്. ഇതേ ഉല്‍പന്നങ്ങള്‍ ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ബദല്‍ സംവിധാനം ഒരുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇറക്കുമതിക്കാര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x