Currency

ബാംഗ്ലൂർ കത്തിയെരിയുന്നു; ആശങ്കയിൽ മലയാളികൾ; കേരളത്തിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ ഇന്ന്

Tuesday, September 13, 2016 10:09 am

കാവേരി നദീജല തർക്കത്തിൽ ബാംഗ്ലൂർ കത്തിയെരിയുന്നു. തമിഴ്‌നാടിന് വിട്ടുകൊടുക്കുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ പ്രതികൂലവിധിക്കെതിരെ കർണ്ണാടകയിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധാണ് ആളിപടർന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സംഘർഷം രൂക്ഷമാണ്. ഹഗനപ്പള്ളിയിൽ പൊലീസ് വെടിവെപ്പിൽ ഒരാൾ മരിച്ചു. ഫാക്ടറി തൊഴിലാളിയായ 25കാരൻ ഉമേഷ് കുമാറാണ് മരിച്ചത്. പൊലീസ് വാഹനം കത്തിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമമാണു വെടിവെപ്പിൽ കലാശിച്ചത്.

കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയുടെ മൈസൂരുവിലെ വീടിനു നേരെ കല്ലേറുണ്ടായി. തമിഴ്‌നാട് സ്വദേശികളുടെ വാഹനങ്ങളും സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് കർണ്ണാടകയിലുള്ളത്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ് ഡിപ്പോയിൽ കയറി 56 ബസ്സുകൾക്ക് അക്രമകാരികൾ തീയിട്ടു. അക്രമം നടത്തിയ ഇരുന്നൂറിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രശ്‌നങ്ങൾ ഗുരുതരമായതിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ മറ്റന്നാൾ വരെ നീട്ടി. പ്രതിഷേധക്കാരുടെ ഉപരോധത്തെ തുടർന്ന് ബെംഗളൂരുമൈസൂർ റോഡ് അടച്ചു. ഒരു സ്‌കാനിയയും അഞ്ച് വോൾവോയുമടക്കം കേരളത്തിലേക്കുള്ള 43 കെഎസ്ആർടിസി ബസ്സുകൾ ബെംഗളൂരുവിൽ കുടുങ്ങി കിടക്കുകയാണ്. സ്ഥിതിഗതികൾ കണക്കിലെടുത്ത് മാത്രം സർവീസ് ആരംഭിച്ചാൽ മതിയെന്നാണ് കെഎസ്ആർടിസി എംഡി നൽകിയിരിക്കുന്ന നിർദേശം.

തമിഴ്‌നാട്ടുകാർ കൂടുതലായി താമസിക്കുന്നയിടങ്ങളിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നം ചർച്ച ചെയ്യാൻ കർണ്ണാടക മുഖ്യമന്ത്രി ഇന്ന് അടിയന്തരയോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

അതേസമയം തമിഴ്‌നാട്ടിൽ കർണ്ണാടക സ്വദേശികൾ താമസിക്കുന്നയിടങ്ങളിൽ സുരക്ഷ ശക്തമാക്കി. പുതുച്ചേരിയിൽ കർണ്ണാടക സ്വദേശികൾക്കെതിരെയും, ചെന്നൈ മൈലാപ്പൂരിലെ ഉഡുപ്പി ഹോട്ടലിന് നേരെയും കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. സംഘർഷങ്ങളെ തുടർന്ന് കോയമ്പത്തൂരിൽ നടക്കാനിരുന്ന കന്നട സാഹിത്യസമ്മേളനം റദ്ദാക്കിയിട്ടുണ്ട്.

ഓണം അവധി ആഘോഷിക്കാൻ കേരളത്തിലേക്ക് വരാൻ തയ്യാറായി നിൽക്കുന്ന മലയാളികൾ സംഘർഷം മൂലം ദുരിതത്തിലായി. പ്രശ്‌നപരിഹാരത്തിന് കർണാടക സർക്കാരുമായി ബന്ധപ്പെടുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ബസ്സ് സർവീസ് പുനരാരംഭിക്കാനുള്ള സാഹചര്യം ഇപ്പോൾ ഇല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. കർണാടകയിൽ നിന്നും സേലം വഴി കേരളത്തിലേക്കുള്ള ബസ്സ് സർവീസുകളും നിർത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നും ബെംഗളൂരിലേക്കുള്ള ബസ്സ് സർവീസുകളും നിർത്തിവെച്ചു.

മതിയായ സുരക്ഷയില്ലെങ്കിൽ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് യാത്ര ആരംഭിച്ച കെഎസ്ആർടിസി ബസ്സുകൾ പാലക്കാടോ സുൽത്താൻ ബത്തേരിയിലോ യാത്ര അവസാനിപ്പിച്ചേക്കും. ബെംഗളൂരുവിലും മറ്റ് സംഘർഷ മേഘലയിലും കേന്ദ്രസേനയെ നിയമിച്ചുകഴിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x