Currency

എ.ടി.എമ്മിലേക്കുള്ള പണവുമായി ഡ്രൈവര്‍ മുങ്ങിയ സംഭവം: 45 ലക്ഷം രൂപയുമായി വാന്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍Saturday, November 26, 2016 6:50 pm

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വാന്‍ കണ്ടെത്തിയത്. 92 ലക്ഷംരൂപയടങ്ങിയ പെട്ടി നഷ്ടപ്പെട്ടിട്ടുണ്ട്. വാനില്‍ കണ്ടെത്തിയ പണമടങ്ങിയ പെട്ടിയും തുറന്നനിലയിലായിരുന്നു.

ബംഗളൂരു: എ.ടി.എമ്മിലേക്ക് കൊണ്ടുപോകുകയായിരുന്ന പണവുമായി കടന്ന വാഹനം ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. വസന്ത്‌നഗര്‍ മൗണ്ട് കാര്‍മല്‍ കോളേജിനുസമീപം കിടന്ന വാനില്‍ 45 ലക്ഷം രൂപയും സുരക്ഷാജീവനക്കാരന്റെ തോക്കുമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വാന്‍ കണ്ടെത്തിയത്. 92 ലക്ഷംരൂപയടങ്ങിയ പെട്ടി നഷ്ടപ്പെട്ടിട്ടുണ്ട്. വാനില്‍ കണ്ടെത്തിയ പണമടങ്ങിയ പെട്ടിയും തുറന്നനിലയിലായിരുന്നു. രണ്ടായിരത്തിന്റെ നോട്ടുകളടങ്ങിയ പെട്ടിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഉപ്പാരപേട്ട് കെ.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയിലെ എ.ടി.എമ്മിലേക്ക് പണവുമായി പോകുമ്പോഴാണ് ഡ്രൈവര്‍ വാനുമായി കടന്നത്.

വാന്‍ഡ്രൈവര്‍ ലിംഗരാജപുരത്ത് താമസിക്കുന്ന ഡൊമിനിക് സെല്‍വരാജ് റോയി(40)യ്ക്കുവേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ഇയാള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കടന്നിട്ടുണ്ടെന്ന സംശയത്താല്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. ഡൊമിനിക്കിന്റെ ഭാര്യയെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, നാലുദിവസംമുമ്പ് ദുബായില്‍നിന്നെത്തിയ ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് മനസ്സിലാക്കി പോലീസ് വിട്ടയച്ചു. വാഹനവുമായി ഡൊമിനിക് നഗരത്തില്‍ കറങ്ങുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇന്‍ഫന്ററി റോഡിലെ സുരക്ഷാക്യാമറയില്‍ വാനിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

രാത്രിയില്‍ പോലീസ് പട്രോളിങ് ശക്തമായതിനാല്‍ വസന്തനഗറില്‍ വാഹനം ഉപേക്ഷിക്കുകയായിരുന്നു. ലോജിടെക് എന്ന കമ്പനിയാണ് ശാഖകളില്‍നിന്ന് പണം ശേഖരിച്ച് എ.ടി.എമ്മുകളില്‍ നിറയ്ക്കുന്നതിന് കരാറെടുത്തിരുന്നത്. ഉപ്പാരപേട്ട് പോലീസ് സ്റ്റേഷനില്‍ ലോജിടെക് മാനേജര്‍ പരാതി നല്‍കിയിട്ടുണ്ട്. നാല് പ്രത്യേക പോലീസ് ടീമുകളാണ് അന്വേഷണം നടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x