Currency

വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ സ്മാർട്ട്ക്യാമറകളുടെ നിരീക്ഷണത്തിലാണ്

സ്വന്തം ലേഖകൻSunday, April 2, 2017 4:39 pm

മനാമ: ഗതാഗത നിയമ ലംഘകരെ കുടുക്കാനായി ഗതാഗത വകുപ്പ് ട്രാഫിക് സിഗ്നലുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്മാർട്ട് ക്യാമറകൾ റെഡ് ലൈറ്റ് സിഗ്നൽ തെറ്റിക്കുന്നവരെ മാത്രമല്ല, അമിതവേഗക്കാരെക്കൂടി കണ്ടുപിടിക്കാൻ കൂടിയുള്ളതാണെന്ന മുന്നറിയിപ്പുമായി അധികൃതർ. ട്രാഫിക് ജംഗ്ഷനുകളും റോഡിന്റെ ഭാഗമാണ്. അതിനാൽ എല്ലാ ഗതാഗത നിയമങ്ങളും അവിടെയും ബാധകമാണെന്ന് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക് ക്യാപ്റ്റൻ അഹമ്മദ് അൽ സാധി പറഞ്ഞു.

അപകടസാധ്യത ഏറെയുള്ള ട്രാഫിക് ജംഗ്ഷനുകളിൽ വേഗപരിധി പാലിക്കേണ്ടത് അത്യാവശ്യമാണ്. സിഗ്നൽ ജംഗ്ഷനുകൾ കടക്കുന്ന ഡ്രൈവർമാർ മറ്റുള്ളവരുടെ സുരക്ഷയും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്യാമറകൾ സ്ഥാപിച്ചതിലൂടെ അപകടങ്ങളുടെ എണ്ണം വളരെയധികം കുറയ്ക്കുവാനായിട്ടുണ്ട്. ബഹ്റൈനിലെ പല ഡ്രൈവർമാരും സിഗ്നലുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളെപ്പറ്റി ബോധവാന്മാരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ വേഗപരിധിയെക്കാൾ 30 ശതമാനം കൂടുതൽ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് 50 ദിനാർ പിഴയാണ് ചുമത്തി വരുന്നത്. പിഴതുക ഒരാഴ്ചക്കുള്ളിൽ ഒടുക്കിയാൽ 25 ദിനാർ ആയി ഇളവു ചെയ്യാറുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x