Currency

ഉഷ്ണക്കാറ്റ്: ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും 48 ഡിഗ്രി വരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Wednesday, November 25, 2020 3:14 pm

വിക്ടോറിയ: ഓസ്ട്രേലിയ ഡിസംബര്‍ ഒന്നിനാണ് ഔദ്യോഗികമായി വേനല്‍ക്കാലത്തിലേക്ക് കടക്കുന്നത്. എന്നാല്‍ ഇത്തവണ നവംബറില്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെക്കോര്‍ഡ് ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഠിനമായ ഉഷ്ണകാറ്റ് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ആരോഗ്യം ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

വരും ദിവസങ്ങളില്‍ പലയിടങ്ങളിലും താപനില 48 ഡിഗ്രിക്ക് മേല്‍ ഉയരുമെന്നും രാജ്യത്ത് ഇതുവരെ കാണാത്ത ചൂടാകും ഈ മാസം ഉണ്ടാകുന്നതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗത്ത് ഓസ്ട്രേലിയയിലും പടിഞ്ഞാറന്‍ വിക്ടോറിയയിലും ബുധനാഴ്ച 30 ഡിഗ്രി ചൂടിലേക്ക് എത്തും. വ്യാഴാഴ്ചയോടെ ചൂട് വീണ്ടും വര്‍ധിക്കുകയും വെള്ളിയാഴ്ച 40 ഡിഗ്രിയിലേക്ക് എത്താനുമാണ് സാധ്യത.

അഡ്ലൈഡില്‍ വാരാന്ത്യത്തില്‍ താപനില തുടര്‍ച്ചയായി 40 ഡിഗ്രിയിലേക്ക് ഉയരുമെന്നാണ് അറിയിപ്പ്. മാത്രമല്ല സൗത്ത് ഓസ്ട്രേലിയയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ 46 മുതല്‍ 47 വരെ ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

സൗത്ത് ഓസ്ട്രേലിയയിലെ Oodnadatta, റോക്‌സ്ബി ഡൗണ്‍സ്, ടാര്‍കൂള എന്നീ പ്രദേശങ്ങളിലും ക്വീന്‍സ്ലാന്റിലെ ബേഡ്സ്വില്ലിലും കഠിന ചൂട് അനുഭവപ്പെടും. ടാര്‍കൂളയില്‍ ശനിയാഴ്ച താപനില 48.7 ഡിഗ്രി വരെ ഉയരും.

സിഡ്നിയിലും വാരാന്ത്യത്തില്‍ 40 ഡിഗ്രി ചൂട് അനുഭവപ്പെടും. ചെറിയതോതിലുള്ള കടല്‍ക്കാറ്റ് മെല്‍ബണിലെ സ്ഥിതിയില്‍ കുറച്ച് മാറ്റം വരുത്തും. ഇവിടെ ചൂട് കുറഞ്ഞുവരാനുള്ള സാധ്യതയാണ് അധികൃതര്‍ വിലയിരുത്തുന്നത്.

തിങ്കളാഴ്ചയോടെ ഇവിടങ്ങളില്‍ ചൂടിന് അല്‍പം ആശ്വാസം ലഭിക്കുമെങ്കിലും, വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിലേക്കും തെക്ക് കിഴക്കന്‍ ക്വീന്‍സ്ലാന്റിലേക്കും ഉഷ്ണക്കാറ്റ് വീശാനാണ് സാധ്യത.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x