Currency

ജൂൺ എട്ടിന് ഇടക്കാല തെരഞ്ഞെടുപ്പെന്ന് തെരേസ മേ; ബ്രെക്സിറ്റ് നടപടികൾ സുഗമമാക്കുക ലക്ഷ്യം

സ്വന്തം ലേഖകൻWednesday, April 19, 2017 6:45 pm

British Prime Minister Theresa May

ലണ്ടൺ: ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാനിരിക്കെ സ്ഥിരതയുള്ളതും ശക്തവുമായ സര്‍ക്കാരിനായി ജൂൺ എട്ടിന് ബ്രിട്ടീഷ് പാർലമെന്റിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി തെരേസ മേ. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിനുശേഷമാണ് പ്രധാനമന്ത്രി തെരേസ മേ അപ്രതീക്ഷ പ്രഖ്യാപനം നടത്തിയത്.

കാലാവധി പൂര്‍ത്തിയാക്കാന്‍ മൂന്നുവര്‍ഷത്തോളം ബാക്കിനില്‍ക്കെയാണ് തെരേസ മേ ജനവിധി തേടുന്നത്. ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള നിയമനിര്‍മാണപ്രക്രിയക്ക് പ്രതിപക്ഷപാര്‍ട്ടികള്‍ തടസ്സംനില്‍ക്കുകയാണെന്ന് വ്യക്തമാക്കിയ അവർ കൂടുതൽ ശക്തമായ സർക്കാർ രൂപീകരിക്കാനാണ് ജനവിധി തേടുന്നതെന്നും കൂട്ടിച്ചേർത്തു.

 അതേസമയം അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ മൂന്നില്‍രണ്ട് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍മാത്രമേ പാര്‍ലമെന്റ് പിരിച്ചുവിടാനാവൂ. ഇതുസംബന്ധിച്ച പ്രമേയം ബുധനാഴ്ച ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിക്കും. പ്രതിപക്ഷ ലേബര്‍പാര്‍ട്ടി അനുകൂലിക്കുന്നതിനാല്‍ തീരുമാനത്തിന് അംഗീകാരം കിട്ടുമെന്നാണ് വിലയിരുത്തല്‍.

2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 650 അംഗ സഭയില്‍ 330 സീറ്റ് മാത്രമാണ് ലഭിച്ചത്. 16 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് നിലവിലെ സര്‍ക്കാര്‍ ഭരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x