Currency

ബുര്‍ജ് ഖലീഫയില്‍ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയൊരുക്കി പുതിയ കവാടം തുറന്നു

സ്വന്തം ലേഖകന്‍Friday, October 6, 2017 12:01 pm

ദുബായ്: വിസ്മയ കാഴ്ചകളൊരുക്കാന്‍ ദുബായ് നഗരം എന്നും മുന്നിലാണ്. സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ബുര്‍ജ് ഖലീഫയുടെ ചുവട്ടിലും സുന്ദര കാഴ്ചകളൊരുക്കിയിരിക്കുകയാണ് ദുബായ്. മേഖലയില്‍ ഏറ്റവും കൂടുതല്‍പേര്‍ സന്ദര്‍ശിക്കുന്ന ‘ബുര്‍ജ് ഖലീഫ അറ്റ് ദ് ടോപ്പി’ന്റെ സ്വീകരണ മേഖലയാണു ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുക്കി കൂടുതല്‍ സൗന്ദര്യവും സൗകര്യവും നല്‍കി അണിയിച്ചൊരുക്കിയിരിക്കുന്നത്. ബുര്‍ജ് ഖലീഫയുടെ മുകളില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന അറ്റ് ദ് ടോപ്, അറ്റ് ദ് ടോപ് ബുര്‍ജ് ഖലീഫ സ്‌കൈ എന്നിവിടങ്ങളിലേക്കു പോകാനായി എത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കുന്ന മേഖലയിലാണു പുതിയ സൗകര്യങ്ങള്‍.

കാഴ്ചയുടെ പൂരമാണു സന്ദര്‍ശകരെ സ്വീകരണ മേഖലയില്‍ കാത്തിരിക്കുന്നത്. നഗരത്തിന്റെ ആരംഭവും വളര്‍ച്ചയും ഭാവിയുമെല്ലാം വിവരിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീനുകള്‍, നാല് ഡിജിറ്റല്‍ പ്രൊജക്ഷനുകളുമായി നാലു മീറ്റര്‍ ഉയരത്തില്‍ ബുര്‍ജ് ഖലീഫയുടെ മാതൃക തുടങ്ങിയവയും ഇവിടെയുണ്ട്. സ്വീകരണ മേഖലയുടെ വിസ്തൃതി മൂന്നിരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ലിഫ്റ്റിനു മുന്‍പുള്ള ഇടനാഴിയിലെ ഗ്ലാസ് ഭിത്തികളില്‍ ഇനി കാണാനിരിക്കുന്ന ആകാശക്കാഴ്ചയുടെ മുന്‍ചിത്രംപോലെ മേഘങ്ങള്‍ നിറയുന്നതാണ് ആദ്യ കാഴ്ച. കൂടാതെ, ഭിത്തിയില്‍ത്തന്നെ സ്ഥാപിച്ചിരിക്കുന്ന വീഡിയോ വാളില്‍, സന്ദര്‍ശകരെ ഓരോരുത്തരെയും സെന്‍സറുകള്‍ വഴി തിരിച്ചറിഞ്ഞ് അവരുടെ മുന്നോട്ടുള്ള നടത്തം അനുസരിച്ചു കലാരൂപങ്ങളും തെളിയും.

ബുര്‍ജ് ഖലീഫയുടെ മാതൃകയാണു മറ്റൊരു ആകര്‍ഷണം. മേഘങ്ങള്‍, ജലം, മണ്ണ്, ഗ്ലാസ് എന്നിങ്ങനെ നാലു പ്രമേയങ്ങളിലായി ബുര്‍ജ് മാതൃകയില്‍ രൂപങ്ങള്‍ തെളിയും. ബുര്‍ജ് ഖലീഫ മാതൃക സ്ഥാപിച്ചിരിക്കുന്നതു മാന്ത്രിക ഗ്ലാസിലാണ്. വെര്‍ട്ടിക്കല്‍ സിറ്റി എന്ന് അറിയപ്പെടുന്ന ബുര്‍ജ് ഖലീഫയുടെ 124, 125, 148 നിലകളുടെ സന്ദര്‍ശനമാണ് അറ്റ് ദ് ടോപ്-ബുര്‍ജ് ഖലീഫ സ്‌കൈ വഴി ഒരുങ്ങുന്നത്. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയില്‍ 555 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഒബ്സര്‍വേഷന്‍ ഡെക്കാണ് സന്ദര്‍ശകരെ ഏറ്റവും ആകര്‍ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x