Currency

പഥമ ഹംദാന്‍ ബിന്‍ മുഹമ്മദ് ഒട്ടക ഓട്ട മത്സരം 10 മുതല്‍

സ്വന്തം ലേഖകന്‍Saturday, February 10, 2018 12:41 pm

ദുബായ്: പഴമയുടെയും പൈതൃകത്തിന്റെയും സംരക്ഷണത്തിന് ഒട്ടേറെ പുതുമകളുമായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നാമധേയത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ ഒട്ടക ഓട്ട മത്സരം ഇന്നാരംഭിക്കും. ദുബായ് അല്‍ഐന്‍ റോഡിലെ അല്‍ മര്‍മൂം സ്മാര്‍ട്ട് ക്യാമല്‍ റേസിങ് ട്രാക്കാണ് വേദിയാവുക.

മത്സരത്തില്‍ യു.എ.ഇയിലെയും ജി.സി.സി രാജ്യങ്ങളിലെയും ഒട്ടകങ്ങളെ അണി നിരത്തുമെന്ന് ദുബായ് കാമല്‍ റേസിങ് ക്ലബ് സി.ഇ.ഒ അലി സഈദ് ബിന്‍ സറൂദ്, ഇവന്റ് മാനേജര്‍ അബ്ദുല്ല അഹ്മദ് ഫറാജ്, ദുബായ് സ്‌പോര്‍ട്‌സ് ചാനല്‍ മാനേജര്‍ അബ്ദുല്‍ റഹ്മാന്‍ ഹസ്സന്‍ അഹ്മദ് അമീന്‍ എന്നിവര്‍ പറഞ്ഞു. ഈ മാസം 20 വരെ നീളുന്ന മത്സരത്തില്‍ ഒട്ടേറെ പുതുമകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

വിജയികളെ കാത്തിരിക്കുന്നത് 183 ആഡംബര കാറുകളും കാഷ് പ്രൈസുകളുമാണ്. അതിനെല്ലാമുപരി ദുബായ് കിരീടാവകാശി നല്‍കുന്ന ട്രോഫികള്‍, റൈഫിളുകള്‍, പരമ്പരാഗത കഠാരകള്‍, ഉടവാളുകള്‍ എന്നിവ സ്വന്തമാക്കാന്‍ യു.എ.ഇയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും മികച്ച ഓട്ടക്കാരന്‍ ഒട്ടകങ്ങളെയാണ് ട്രാക്കിലിറക്കുക.

നാലു കിലോമീറ്റര്‍, അഞ്ചു കിലോമീറ്റര്‍, ആറു കിലോമീറ്റര്‍, എട്ടു കിലോമീറ്റര്‍ എന്നിങ്ങനെ 323 ലാപ്പുകളിലായാണ് മത്സരം. രാവിലെ ഏഴു മണിക്കും ഉച്ചക്ക് രണ്ടു മണിക്കും മത്സരങ്ങള്‍ ആരംഭിക്കും. ഒട്ടക ലേലവും മത്സര ദിവസങ്ങളില്‍ നടക്കും. ഒട്ടക ഓട്ട മത്സരത്തിലേക്കും പൈതൃക ഉത്സവത്തിലേക്കും പ്രവേശനം സൗജന്യമാണ്. പോയ വര്‍ഷം ഒട്ടക ഓട്ട മത്സരവും പൈതൃക ഉത്സവവും കാണാന്‍ എണ്‍പതിനായിരത്തിലേറെ പേരാണ് എത്തിയതെന്ന് ഇവന്റ്‌സ് മാനേജര്‍ അബ്ദുല്ല അഹ്മദ് ഫറാജ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x