
ബംഗളൂരു: പുതുവര്‍ഷരാവില്‍ യുവതിക്ക് നേരെ നടന്ന അതിക്രമത്തില്‍ നഗരത്തില്‍ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച വൈകിട്ട് ഫ്രീഡം പാര്‍ക്കില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഒരുമിച്ചവരാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കോളേജ് വിദ്യാര്‍ഥിനികളുള്‍പ്പെടെ നൂറുകണക്കിന് യുവതികളാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. ‘സുരക്ഷിതമായ ബംഗളൂരുവിനെ തിരിച്ചു വേണം’ എന്ന ആവശ്യമുന്നയിച്ച് നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ സാംസ്‌കാരിക രംഗത്തെയും ചലച്ചിത്രരംഗത്തെയും നിരവധി പ്രമുഖ വ്യക്തികള്‍ അണിനിരന്നു. നിരവധി പുരുഷന്‍മാരും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.
ബംഗളൂരുവില്‍ സ്ത്രീകള്‍ക്ക് രാത്രിയില്‍ സുരക്ഷിതമായി പുറത്തിറങ്ങി നടക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കലബുറഗി, വിജയപുര, കോലാര്‍, ബെംഗളൂരു, ദാവങ്കരെ, ബെലഗാവി എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നതിന്റെ തെളിവാണെന്ന് ബി.ജെ.പി. എം.പി. കരന്ദലജെ ആരോപിച്ചു.
യുവതികള്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് വിവിധ വനിതാ സംഘടനകളും രംഗത്തെത്തി. അഖിലഭാരത ജനവാദി മഹിളാ അസോസിയേഷന്‍ അംഗങ്ങള്‍ എസ്.ബി.എം. സര്‍ക്കിളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സ്ത്രീകളുടെ സുരക്ഷയുറപ്പാക്കുക എന്ന ബാനറുകളും പിടിച്ച് നൂറു കണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.