Currency

നികുതി നമ്പര്‍ രേഖപ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്ക് ‘വാറ്റ് ‘ തുക നല്‍കേണ്ടതില്ല

സ്വന്തം ലേഖകന്‍Friday, January 5, 2018 7:45 am

അബുദാബി: നികുതി നമ്പര്‍ രേഖപ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്ക് ‘വാറ്റ് ‘ തുക നല്‍കേണ്ടതില്ലെന്ന് അധികൃതര്‍. വാറ്റ് ഈടാക്കുന്ന കച്ചവടക്കാരന്‍ നല്‍കുന്ന ഇന്‍വോയ്‌സില്‍ ടാക്‌സ് റജിസ്‌ട്രേഷന്‍ നമ്പര്‍ (ടിആര്‍എന്‍) രേഖപ്പെടുത്തിയിരിക്കണം. എത്ര തുകയാണ് വാറ്റ് ഈടാക്കിയതെന്നും വ്യക്തമായിരിക്കണം. നിര്‍ദ്ദിഷ്ട പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ വാറ്റ് റജിസ്‌ട്രേഷന്‍ നടത്തിയില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് നേരത്തെ ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്ടിഎ) അറിയിച്ചിരുന്നു.

അതേസമയം ടിആര്‍എന്‍ രേഖപ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്ക് ജനങ്ങള്‍ നികുതി നല്‍കേണ്ടതില്ലെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി തലവന്‍ ഖാലിദ് അല്‍ബസ്താനി അറിയിച്ചു. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയില്‍ സ്ഥാപനങ്ങള്‍ വാറ്റ് അനുമതിക്കായി റജിസ്റ്റര്‍ ചെയ്യണം. റജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോഴാണ് നമ്പര്‍ ലഭിക്കുന്നത്. താല്‍ക്കാലികമോ, സ്ഥിരമായോ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കുന്നതാണ്. എന്നാല്‍ ഏതു തരത്തിലായാലും നമ്പറുകള്‍ ബില്ലില്‍ രേഖപ്പെടുത്തണം എന്നാണു എഫ്ടിഎ ചട്ടം.

ഇതു ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. വാറ്റ് നമ്പറിന് വേണ്ടിയുള്ള പ്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ അധികൃതര്‍ സമയപരിധി അനുവദിച്ചിരുന്നു. വിശദാംശങ്ങള്‍ മുഴുവനും നല്‍കിയവര്‍ക്ക് സ്ഥിരനമ്പറും അല്ലാത്തവര്‍ക്ക് താല്‍കാലിക വാറ്റ് നമ്പറുമാണ് നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x