Currency

ഷാര്‍ജയില്‍ കാറില്‍നിന്ന് തെറിച്ചുവീണ് മലയാളി യുവതി മരിച്ചു

സ്വന്തം ലേഖകന്‍Thursday, August 17, 2017 2:44 pm

ഷാര്‍ജ: ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് തെറിച്ചുവീണ് മലയാളി യുവതി മരിച്ചു. ഷാര്‍ജയില്‍ ബ്യുട്ടീഷനായി ജോലി ചെയ്യുന്ന കാസര്‍കോട് അടുക്കത്ത് വയല്‍ കടപ്പുറം മണ്ണിക്കമാ ഹൗസിലെ സുനിതാ പ്രശാന്ത്(40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബ്യൂട്ടി സലൂണ്‍ ഉടമ മലയാളിയായ സൂസന്‍, സഹപ്രവര്‍ത്തകയായ നേപ്പാളി യുവതി എന്നിവരെ പരുക്കുകളോടെ ദൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷാര്‍ജയിലെ ദൈദ് റോഡില്‍ ചൊവ്വാഴ്ച രാത്രി 11നാണ് അപകടം ഉണ്ടായത്. സൂസനും സുനിതയടക്കമുള്ള നാല് ജീവനക്കാര്‍ ദൈദിലേയ്ക്ക് പോകുകയായിരുന്നു. സൂസനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ദൈദ് റോഡിലൂടെ വേഗത്തില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ വാതില്‍ തനിയെ തുറന്ന് സുനിത പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ചതിനെ തുടര്‍ന്ന് സുനിത സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. സുനിത പുറത്തേയ്ക്ക് വീഴുന്നത് കണ്ട് പെട്ടെന്ന് ബ്രേയ്ക്ക് ചവിട്ടിയതിനെ തുടര്‍ന്ന് കാര്‍ റോഡ് ഡിവൈഡറിലിടിച്ചാണ് സൂസനും നേപ്പാളി യുവതിക്കും പരുക്കേറ്റത്.

കാസര്‍കോട് നഗരസഭയില്‍ ബിജെപി കൗണ്‍സിലറായിരുന്ന സുനിത നേരത്തെ ഉദുമ മണ്ഡലം ബിജെപി സ്ഥാനാര്‍ഥിയായും മത്സരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷാര്‍ജയില്‍ ബ്യൂട്ടീഷനായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് പ്രശാന്ത് സന്ദര്‍ശക വീസയില്‍ അടുത്തിടെയാണ് യുഎഇയിലെത്തിയത്. മക്കള്‍: സംഗീത് പ്രശാന്ത്(17), സഞ്ജന പ്രശാന്ത് (14).


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x