Currency

ഇന്ത്യൻ വംശജനായ ജീവനക്കാരന് ശമ്പളം നൽകിയില്ല; ഹിന്ദു സൊസൈറ്റി ഓഫ് വിക്ടോറിയയ്ക്ക് $77,000 പിഴ

സ്വന്തം ലേഖകൻThursday, March 23, 2017 6:07 pm

ഇന്ത്യൻ വംശജന് ശമ്പള കുടിശ്ശിക ഇനത്തിൽ ഹിന്ദു സൊസൈറ്റി ഓഫ് വിക്ടോറിയ 77,000 ഡോളർ നൽകണമെന്ന് ഓസ്ട്രേലിയൻ ഫെഡറൽ സർക്യൂട്ട് കോടതി

മെൽബൺ: കാരംസ് ഡൌൺ ശിവ വിഷ്ണു ക്ഷേത്രത്തിൽ 2011-12 കാലഘട്ടത്തിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജന് ശമ്പള കുടിശ്ശിക ഇനത്തിൽ ഹിന്ദു സൊസൈറ്റി ഓഫ് വിക്ടോറിയ  77,000 ഡോളർ നൽകണമെന്ന് ഓസ്ട്രേലിയൻ ഫെഡറൽ സർക്യൂട്ട് കോടതി ഉത്തരവിട്ടു. 

ഹിന്ദു കൌൺസിൽ ഓഫ് വിക്ടോറിയ സ്പോൺസർ ചെയ്ത്, വിസ സബ്ക്ലാസ് 428ലാണ് പരാതിക്കാരൻ ഓസ്ട്രേലിയയിലേക്ക് വന്നത്. മതപരമായ കാര്യങ്ങൾക്കുവേണ്ടിയുള്ള  ഈ വിസ, ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും, പള്ളികളിൽ വൈദികർക്കുമൊക്കെ നൽകുന്നതാണ് . എന്നാൽ, ക്ഷേത്രത്തിൽ ഇയാൾക്ക് കാൻറീനിൽ ജോലിയാണ് ചെയ്യേണ്ടി വന്നത്. 

അതിനിടെ ഗ്രൈൻററിൽ കുടുങ്ങി കൈയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. തുടർന്ന് ഇയാൾക്ക് ജോലി അവസാനിപ്പിക്കേണ്ടിയും വന്നു. ജോലി ചെയ്ത സമയത്താകട്ടെ കൃത്യമായി ശമ്പളം ലഭിച്ചിരുന്നുമില്ല.

തുടർന്ന് ഇയാൾ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ഫെയർ വർക്ക് ഓംബുഡ്സ്മാനെ സമീപിക്കുകയായിരുന്നു. ഓംബുഡ്സ്മാൻ നൽകാൻ പറഞ്ഞ തുക ഹിന്ദു സൊസൈറ്റി ഓഫ് വിക്ടോറിയ നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കേസ് കോടതിയിൽ എത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x