Currency

സൗദിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി

സ്വന്തം ലേഖകന്‍Thursday, November 24, 2016 2:33 pm

ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മണിമുതല്‍ വൈകുന്നേരം നാല് മണിവരെയാണ് പുതിയ പ്രവര്‍ത്തന സമയം.

റിയാദ്: സൗദിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. സൗദിയുടെ എല്ലാ പ്രവിശ്യകളിലുമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഇനി മുതല്‍ പ്രവര്‍ത്തിക്കുക പുതിയ പ്രവര്‍ത്തന സമയത്തിലാണ്. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മണിമുതല്‍ വൈകുന്നേരം നാല് മണിവരെയാണ് പുതിയ പ്രവര്‍ത്തന സമയം.

അതേസമയം രണ്ട് ഷിഫ്റ്റുകളുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ രാത്രി പതിനൊന്ന് മണിവരെ പ്രവര്‍ത്തിക്കും. അല്‍ അസീര്‍, ത്വായിഫ്, അല്‍ബാഹ, അല്‍ജൗഫ്, ഈസ്റ്റ് സോണ്‍ എന്നീ പ്രവിശ്യകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എട്ട് ഹെല്‍ത്ത് സെന്ററുകള്‍ക്ക് സംവിധാനം ഒരുക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ ഹെല്‍ത്ത് സെന്ററുകളെ ആശ്രയിക്കുന്ന നിരവധി ഗുണഭോക്താക്കളുണ്ട്. ഇവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സമയ ക്രമത്തില്‍ മാറ്റം വരുത്തിയത്. സ്വദേശികള്‍ക്ക് ആരോഗ്യ രംഗത്ത് മികച്ച സേവനം ചെയ്യുക എന്നതും സമയമാറ്റ ലക്ഷ്യത്തില്‍ പെടുന്നു. നിരവധി പഠനങ്ങള്‍ക്ക് ശേഷമാണ് സമയമാറ്റം. രണ്ട് വര്‍ഷത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x