
ബംഗളൂരു: നഗരത്തില്‍ യാത്രാപ്രശ്‌നത്തിന് പരിഹാരമായി അഞ്ച് മെമു സര്‍വീസുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു. സിറ്റി റെയില്‍വേ സ്റ്റേഷനില്‍നിന്ന് വൈറ്റ് ഫീല്‍ഡിലേക്ക് രണ്ട് മെമു സര്‍വീസുകളും രാമനഗരയിലേക്ക് മൂന്നു സര്‍വീസുകളുമാണ് നടത്തുക. രാമനഗരയിലേക്കുള്ള ഒരെണ്ണം രാവിലെയും ബാക്കി രണ്ട് സര്‍വീസുകള്‍ വൈകിട്ടുമായിരിക്കും. 17 മുതല്‍ ട്രെയിനുകള്‍ യാത്രക്കാര്‍ക്കായി സര്‍വീസ് നടത്തും. 16ന് വൈകിട്ട് റെയില്‍വേമന്ത്രി സുരേഷ് പ്രഭു മെമു സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും.
സിറ്റി റെയില്‍വേ സ്റ്റേഷനില്‍നിന്ന് വൈറ്റ് ഫീല്‍ഡിലേക്ക് ഐ.ടി. ജീവനക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയിലായിരിക്കും മെമു സര്‍വീസ് നടത്തുക. ഒരു മെമു വൈറ്റ് ഫീല്‍ഡ് വരെയും മറ്റൊരെണ്ണം വൈറ്റ്ഫീല്‍ഡ് വഴി കുപ്പം വരെയുമായിരിക്കും സര്‍വീസ് നടത്തുക. കന്റോണ്‍മെന്റ്, ബംഗളൂരു ഈസ്റ്റ്, ബൈയപ്പനഹള്ളി, കെ.ആര്‍. പുരം, ഹൂഡി സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പുണ്ടായിരിക്കും. രാമനഗരയിലേക്കുള്ള മെമുവിന് നയന്ദഹള്ളി, കെങ്കേരി, ഹെജ്ജാല, ബിദദി എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പ്. എട്ടു കോച്ചുകളിലായി 1600 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകുന്നതായിരിക്കും മെമു ട്രെയിന്‍.
നിലവിലുള്ള പാതയിലൂടെ ഹ്രസ്വദൂര ട്രെയിനുകള്‍ ഓടിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചര്‍ച്ചചെയ്ത ശേഷമാണ് സര്‍വീസ് നടത്താന്‍ റെയില്‍വേ തീരുമാനിച്ചത്. ബംഗളൂരു സിറ്റിയില്‍നിന്ന് ഹൊസൂര്‍, ദൊഡ്ഡബെല്ലാപൂര്‍, തുമക്കൂരു, ചിക്കബല്ലാപൂര്‍, ബംഗാര്‍പേട്ട്, നെലമംഗല എന്നിവിടങ്ങളിലേക്കും മെമു സര്‍വീസുകള്‍ നടത്താന്‍ റെയില്‍വേ ലക്ഷ്യമിടുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.