Currency

ശാസ്ത്രീയ പരീക്ഷണം അന്തിമഘട്ടത്തില്‍; വിജയിച്ചാല്‍ വേനലിലും യുഎഇയില്‍ മഴപെയ്യും

സ്വന്തം ലേഖകന്‍Tuesday, January 28, 2020 11:04 am

ദുബായ്: വേനല്‍ക്കാലത്തും മഴപെയ്യിക്കാനുള്ള ശാസ്ത്രീയ രീതിയുടെ പരീക്ഷണം യുഎഇയില്‍ അന്തിമഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. മഴമേഘങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കാനുള്ള ഗവേഷണം പുരോഗമിക്കുന്നതിനിടെ, കൂടുതല്‍ രാസസംയുക്തങ്ങള്‍ മഴമേഘങ്ങളില്‍ വിതറി മഴ ലഭ്യത കൂട്ടാനും സാധാരണ മേഘത്തെ മഴമേഘമാക്കി മഴപെയ്യിക്കാനും കഴിയുമെന്നാണു പ്രതീക്ഷ.

പരമ്പരാഗത രാസമിശ്രിതങ്ങളില്‍ അല്‍പം മാറ്റം വരുത്തിയാല്‍ മഴ ലഭ്യത കൂട്ടാമെന്നാണ് പുതിയ കണ്ടെത്തല്‍. പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്‌നീഷ്യം, മറ്റു രാസഘടങ്ങള്‍ എന്നിവയുടെ പ്രത്യേക അനുപാതത്തിലുള്ള മിശ്രിതമാണ് വിതറുക. ക്ലൗഡ് സീഡിങ്ങിന്റെ നിലവിലുള്ള രീതി പരിഷ്‌കരിക്കാനും പദ്ധതിയുണ്ട്. വിമാനത്തിലെ സംഭരണിയില്‍ ഉന്നതമര്‍ദത്തില്‍ സൂക്ഷിക്കുന്ന രാസ മിശ്രിതങ്ങള്‍ മേഘങ്ങളില്‍ വിതറിയാല്‍ ഇതു പാഴാകാനുള്ള സാധ്യത കുറയുമെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

യുഎഇയില്‍ നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് മഴക്കാലം. മേയ് മുതല്‍ സെപ്റ്റംബര്‍ വരെ ചിലമേഖലകളില്‍ നേരിയതോതില്‍ മഴ ലഭിക്കാറുണ്ട്. ഈ സമയം പരമാവധി ഉപയോഗപ്പെടുത്തിയാണ് ഗവേഷണം പുരോഗമിക്കുന്നത്. മഴമേഘങ്ങളില്‍ നിന്നു പരമാവധി മഴ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടുണ്ട്.

സാധാരണ മഴമേഘത്തില്‍ നിന്ന് 40 മുതല്‍ 50% വരെ മഴ ലഭിക്കാമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ക്ലൗഡ് സീഡിങ്ങിലൂടെ ഇതു 15 മുതല്‍ 30% വരെ വര്‍ധിപ്പിക്കാം. ക്ലൗഡ് സീഡിങ്ങിലൂടെ കഴിഞ്ഞദിവസങ്ങളില്‍ രാജ്യത്ത് മഴലഭ്യത 35% വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x