Currency

ഹജ്ജ് അനുഷ്ഠാനത്തിന് സമാപനം; മിനായോട് വിട പറഞ്ഞ് ഹാജിമാര്‍

സ്വന്തം ലേഖകന്‍Friday, August 24, 2018 1:09 pm

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് അനുഷ്ഠാനത്തിന് ഇന്നു സമാപനം. അഞ്ച് ദിവസത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഹാജിമാര്‍ മിന താഴ്വരയില്‍നിന്നും ഇന്ന് മടങ്ങി തുടങ്ങി. പിശാചിന്റെ പ്രതീകങ്ങളായ ജംറത്തുല്‍ ഊല, വുസ്ത, അക്ബ എന്നിവയ്ക്ക് ഒരോന്നിനും ഏഴ് കല്ലുകള്‍ വീതം എറിഞ്ഞ ശേഷമാണ് പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഹാജിമാരില്‍ ഭൂരിഭാഗവും ഇന്ന് മിനായില്‍നിന്നും മടങ്ങിയത്.

ഇന്ന് സൂര്യാസ്തമയത്തിന് മുമ്പ് മിനായില്‍നിന്നും മടങ്ങാത്ത ഹാജിമാര്‍ നാളെ നാലാം ദിവസത്തെ കല്ലേറ് കര്‍മ്മം കൂടി പൂര്‍ത്തിയാക്കിയായിരിക്കും മിനായില്‍നിന്നും മടങ്ങുക. ഇന്ത്യന്‍ ഹാജിമാരുടെ ഹജ്ജ് ക്യാമ്പുകളിലുള്ളവരും ഏറെ ആഹ്ലാദത്തോടെയും ചാരിതാര്‍ഥ്യത്തോടെയുമാണ് വിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി മിനായില്‍നിന്നും മക്കയിലെ താമസ കേന്ദ്രങ്ങളിലേക്ക് മടങ്ങുന്നത്.

ഗവണ്‍മെന്റ് ഗ്രൂപ്പിലെത്തിയ മലയാളി ഹാജിമാരെല്ലാം ജിദ്ദ വിമാനത്താവളം വഴി പുണ്യഭൂമിയിലെത്തിയവരായതിനാല്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മദിനയില്‍ നിന്നായിരിക്കും നാട്ടിലേക്ക് മടങ്ങുക. ഗള്‍ഫ് നാടുകളില്‍നിന്നടക്കമുള്ള ഹാജിമാര്‍ നാളെ മുതല്‍തന്നെ നാട്ടിലേക്കുള്ള മടക്കം തുടങ്ങും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x