Currency

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കും ബ്രിട്ടണിൽ കടുത്ത നിയന്ത്രണം വരുന്നു

സ്വന്തം ലേഖകൻWednesday, September 7, 2016 11:39 am

യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്കും ഇനി ബ്രിട്ടനിലേക്ക് വരാൻ വര്‍ക്ക് പെര്‍മിറ്റ് നിർബന്ധമായിരിക്കും.

ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കും കടുത്ത നിയന്ത്രണമേർപ്പെടുത്താൻ ബ്രിട്ടൻ തയ്യാറെടുക്കുന്നു. നേരത്തെ തന്നെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ ബ്രിട്ടൻ കർശന നടപടികൾ കൈക്കൊണ്ടിരുന്നു, എന്നാൽ യൂറോപ്യൻ യൂണിയനിൽ അംഗമായതിനാൽ ഇതര യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും രാജ്യത്തെത്തുന്നവരെ നിയന്ത്രിക്കാൻ ബ്രിട്ടനു സാധിക്കുമായിരുന്നില്ല. ഒടുവിൽ ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ കുടിയേറ്റക്കാരെയും നിയന്ത്രിക്കാൻ പോകുകയാണെന്ന റിപ്പോർട്ടാണു പുറത്ത് വരുന്നത്.

ബ്രെക്സിറ്റ് നടപ്പാക്കുന്നതിന്റെ ചുമതലക്കാരനായ മന്ത്രി ഡേവിഡ് ഡേവിസ് ഇന്നലെ പാർലമെന്റിൽ ഇതു സംബന്ധിച്ച വ്യക്തമായ സൂചന നൽകിക്കഴിഞ്ഞു. ബ്രെക്സിറ്റ് വിധിയെ മാനിക്കുന്ന തരത്തിലുള്ള അതിശക്തമായ കുടിയേറ്റ നിയന്ത്രണമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു ഡേവിഡ് ഡേവിസ് പറഞ്ഞു. അതിര്‍ത്തിയുടെ നിയന്ത്രണം വീണ്ടെടുക്കാന്‍ യൂറോപ്യന്‍ വിപണി വിട്ടു പുറത്തുവരാന്‍ ബ്രിട്ടന്‍ തയാറെടുത്തുകഴിഞ്ഞു. ബദല്‍ വ്യാപാര കരാറുകള്‍ക്കായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ബ്രെക്സിറ്റ് നടപടികള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു.

അതിനിടെ ജി-20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും തന്റെ നിലപാട് വ്യക്തമാക്കി. കുടിയേറ്റം നിയന്ത്രിക്കാൻ ഓസ്ട്രേലിയയിൽ ഒക്കെ നിലവിലുള്ള പൊയ്യിന്റ് സംവിധാനത്തേക്കാള്‍ കൂടുതല്‍ ശക്തമായ നടപടികളാണ് ലക്ഷ്യമിടുന്നതെന്നാണു അവർ അറിയിച്ചത്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്കും ഇനി ബ്രിട്ടനിലേക്ക് വരാൻ വര്‍ക്ക് പെര്‍മിറ്റ് നിർബന്ധമായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x