Currency

ദുബായി പൊലീസ് ഇനി ബൈക്കില്‍ പറന്നിറങ്ങും

സ്വന്തം ലേഖകന്‍Sunday, November 11, 2018 12:40 pm

ദുബായ്: ദുബായി പോലീസ് വീണ്ടും സ്മാര്‍ട്ടാകുന്നു. ലംബോര്‍ഗിനി അടക്കമുള്ള അത്യാധുനിക വാഹനങ്ങളുമായി നിരത്തിലൂടെ ചീറിപ്പായുന്ന പോലീസ് ഇനി സിനിമാ സ്‌റ്റൈലില്‍ ആകാശത്തു നിന്നും പറന്നുമിറങ്ങും. ഹോവര്‍ ബൈക്കുകള്‍ എന്ന പറക്കും ബൈക്കുകളാണ് പൊലീസിനായി ഒരുങ്ങുന്നത്. 2020 ഓടെ ഇതു സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ബൈക്കിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അടിയന്തര സന്ദര്‍ഭങ്ങളില്‍ അതിവേഗം ലക്ഷ്യത്തിലെത്താനും നിരീക്ഷണത്തിനുമെല്ലാം ഇത് ഉപയോഗിക്കാനാകും. ചെറുതായതിനാല്‍ എവിടെയും പറന്നിറങ്ങാനുമാകും.

കാഴ്ചയില്‍ ഡ്രോണിന്റെയും ബൈക്കിന്റയും സങ്കരരൂപമായ സ്‌കോര്‍പിയന്‍-3 എന്ന ഹോവര്‍ ബൈക്ക് നിര്‍മ്മിക്കുന്നത് കാലിഫോര്‍ണിയയിലെ ഹോവര്‍ സര്‍ഫ് എന്ന കമ്പനിയാണ്. ദുബായ് പൊലീസിനു മാത്രമായി രൂപകല്‍പന ചെയ്ത മോഡലാണിതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ബൈക്കിന്റെ പ്രധാന പ്രത്യേകത.

114 കിലോഗ്രാം ഭാരമുള്ള ബൈക്കിനു കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുള്ള ചട്ടക്കൂടാണുള്ളത്. മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത്തില്‍ പോകാം. 6000 മീറ്റര്‍ വരെ ഉയരത്തില്‍ പോകാനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബൈക്ക് പോലെ യാത്രികനു സ്വയം ഓടിച്ചുപോകാം. ഭൂമിയില്‍നിന്നു നിയന്ത്രിക്കാനും ബൈക്കില്‍ സംവിധാനമുണ്ട്.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആദ്യ ബൈക്കുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പറക്കും ബൈക്കുകളെത്തുന്നതോടെ റോഡപകടങ്ങള്‍ നടന്നാല്‍ ഗതാഗത തടസം പിന്നിട്ടെത്തുന്നതിനുള്ള താമസം ഒഴിവാകും. പൊലീസിന്റെ കണ്ണുവെട്ടിച്ചു കടക്കുന്നവരെ ഇനി നിമിഷങ്ങള്‍ക്കകം ദുബായി പോലീസ് പറന്നു പിടിക്കുകയും ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x