Currency

മലയാളികള്‍ക്ക് ആശ്വാസം; ഷാര്‍ജയില്‍ കോവിഡ് പരിശോധന സൗജന്യം

സ്വന്തം ലേഖകന്‍Wednesday, July 8, 2020 11:59 am

ഷാര്‍ജ: എമിറേറ്റിലെ താമസ മേഖലകളില്‍ സൗജന്യ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുങ്ങി. ആരോഗ്യ മന്ത്രാലയവും ഷാര്‍ജ പൊലീസും ചേര്‍ന്നു നടത്തുന്ന പരിശോധനയ്ക്ക് അല്‍ നഹ്ദയില്‍ തുടക്കമായി. നിശ്ചിത ദിവസങ്ങളില്‍ ഓരോ മേഖലയിലും മെഡിക്കല്‍ സംഘം മൊബൈല്‍ യൂണിറ്റുകളില്‍ എത്തി പരിശോധിക്കും. ഒരു ദിവസം 200 പേരെ പരിശോധിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ സേവനം ലഭ്യമാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണിത്. ആശുപത്രികളില്‍ പരിശോധനയ്ക്ക് 300 മുതല്‍ 400 ദിര്‍ഹം വരെ ചെലവ് വരും.

ഓരോ സ്ഥലത്തും 10 ദിവസം മൊബൈല്‍ യൂണിറ്റ് ഉണ്ടാകും. താമസ മേഖലകളിലെ പാര്‍ക്കുകളിലാണ് പരിശോധനയെന്ന് ഷാര്‍ജ പൊലീസ് ഡയറക്ടര്‍ മേജര്‍ അബ്ദുല്‍ റഹ്മാന്‍ ബു ഗാനിം പറഞ്ഞു. താമസക്കാരെ 2 ദിവസം മുന്‍പ് അറിയിക്കും. പരിശോധനയ്ക്കു വരുമ്പോള്‍ എമിറേറ്റ്‌സ് ഐഡി കൊണ്ടുവരണം. അകലം പാലിക്കുന്നതടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.

ഷാര്‍ജയില്‍ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും അതിവേഗ സംവിധാനമുണ്ട്. വടക്കന്‍ മേഖലയിലുള്ളവരുടെ കൂടി സൗകര്യാര്‍ഥം അല്‍ വാസിത് സെന്റര്‍, ദൈദ് സെന്റര്‍, അല്‍ ലുലുയിയ സെന്റര്‍ എന്നിവിടങ്ങളില്‍ നൂതന സംവിധാനങ്ങളൊരുക്കിയിരുന്നു. 24 മണിക്കൂറും സേവനം ലഭ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x