ദുബായ്: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ദുബായില്‍ പൂര്‍ണമായി നിര്‍ത്തലാക്കി. ഷോപ്പിംഗ് മാളുകളില്‍ വയോധികര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രവേശിക്കാമെന്ന നിര്‍ദേശമാണ് പുതുതായി പ്രഖ്യാപിച്ചത്. മാളുകളിലെ പൊതു ഇരിപ്പിടങ്ങളും ഇനി മുതല്‍ സജ്ജമാവും.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 2020 ഏപ്രില്‍ മാസത്തിലായിരുന്നു കര്‍ശന നിയന്ത്രണങ്ങളും സുരക്ഷ നിര്‍ദേശങ്ങളും പുറപ്പെടുവിച്ച് മാളുകളും വ്യാപാര സഥാപനങ്ങളും വിനോദമേഖലകളുമെല്ലാം ദുബായില്‍ അടച്ചിട്ടത്. പിന്നാലെ ഘട്ടംഘട്ടമായി ഇളവുകള്‍ വരുത്തുകയായിരുന്നു.
ഈ ആഴ്ചയില്‍ സ്കൂളുകള്‍ പുനരാരംഭിച്ചതിനു പിന്നാലെയാണ് ഷോപ്പിംഗ് മാളുകളിലെ പ്രവേശനത്തില്‍ ചില വിഭാഗങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞിരിക്കുന്നത്. ഷോപ്പിംഗ് മാളുകള്‍ പിന്തുടരേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച് മുന്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതായി ദുബായ് മുനിസിപ്പാലിറ്റിയിലെ ആരോഗ്യ-സുരക്ഷാ വകുപ്പ് ഡയറക്ടര്‍ ഡോ. നസീം മുഹമ്മദ് റാഫി സ്ഥിരീകരിച്ചു. അതേസമയം പൊതു ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നവര്‍ തമ്മിലുള്ള സാമൂഹിക അകലം പാലിക്കല്‍ തുടരേണ്ടതുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.