
ദുബായ്: ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നിന്ന് പ്രൈവറ്റ് റജിസ്ട്രേഷനിലൂടെയും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലൂടെയും കോഴ്സുകള്‍ പൂര്‍ത്തിയാക്കി ഗള്‍ഫ് നാടുകളിലെത്തിയവര് തൊഴില്‍ പ്രതിസന്ധിയില്‍. പാരലല്കോളജിലും, അറബികോളജിലും പഠിച്ച് ബിരുദം നേടിയവര്‍ക്കുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റില്‍ പഠനരീതി ‘പ്രൈവറ്റ്’ എന്ന് രേഖപ്പെടുത്തുന്നതിനാല് ഇവരെ അധ്യാപക ജോലിയിയില്‍ നിന്ന് കൂട്ടത്തോടെ പിരിച്ചുവിടുകയാണ്.
അധ്യാപകരുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ യുഎഇ വിദ്യാഭ്യാസമന്ത്രാലയം ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ആവശ്യപ്പെടുന്ന തുല്യതാ സര്‍ട്ടിഫിക്കറ്റിലാണ് കേരളത്തിലെ സര്‍വകലാശാലകള്‍ വിവേചനം കാട്ടുന്നത്. പാരലല്‍ കോളജ്, അറബിക് കോളജ് എന്നിവിടങ്ങില്‍ പഠിച്ചവര്‍ക്ക് പ്രൈവറ്റ് പഠനം എന്നാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നത്. നേരത്തെ വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലൂടെയും എയ്ഡഡ് കോളേജുകളിലും പഠിച്ച് വിജയിക്കുന്നവര്ക്കു സര്‍വകലാശാലകള്‍ ഒരേതരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയിരുന്നത്. പഠനമാധ്യമമോ സ്ഥാപനമോ രേഖപ്പെടുത്താത്തതിനാല്‍ ഇവയ്ക്ക് തുല്യപദവി ലഭിച്ചിരുന്നു. നിലവില്‍ വിദ്യാഭ്യാസവകുപ്പ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വന്നതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
ഇന്ത്യയില്‍ നിന്ന് പൂര്‍ത്തിയാക്കിയ ഹയര്‍സെക്കന്റ്റി, ബിരുദം, പ്രഫണല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ യോഗ്യതയുമായി തുല്യതപെട്ടതാണെന്ന് ഇവിടെയുള്ള വിദ്യാഭ്യാസമന്ത്രാലയം കൂടി അംഗീകരിക്കേണ്ടതുണ്ട്. ഇതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രത്യേകം അപേക്ഷ നല്‍കണം. ഇവ പരിശോധിച്ച് ശരിയാണെന്ന സാക്ഷ്യപത്രം കിട്ടിയ ശേഷം യുഎഇയിലെ ഉന്നത വിദ്യാഭ്യസ കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് ഇവിടെ നിന്നും തുല്യത സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നത്. ഇപ്രകാരം ലഭിക്കുന്ന ജന്യൂനിറ്റി സര്‍ട്ടിഫിക്കറ്റില്‍ പഠനരീതിയെന്ന ഭാഗത്ത് പ്രൈവറ്റ് റജിസ്ട്രേഷന്, ഡിസ്റ്റന്‍സ് എന്നിങ്ങനെ രേഖപ്പെടുത്തും. ഇത്തരത്തിലുള്ള അധ്യാപകര്‍ക്കാണ് ജോലി നഷ്ടം സംഭവിക്കുന്നത്.
കേരളത്തിലെ സര്‍വകലാശാലകള്‍ മാര്‍ച്ചിന് മുമ്പ് ഈ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ യുഎഇയില്‍ നൂറുകണക്കിന് അധ്യാപകര്‍ക്കാണ് ജോലി നഷ്ടമാവുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.