Currency

ഭര്‍ത്താവില്‍ നിന്നുള്ള അതിക്രമങ്ങൾ കുറ്റകൃത്യമാക്കണം: ബഹ്റൈനിലെ വനിതാസംഘടന

സ്വന്തം ലേഖകൻTuesday, August 8, 2017 10:05 pm

ബലം പ്രയോഗിച്ചു ലൈംഗിക ബന്ധം നടത്തുന്ന ഭര്‍ത്താക്കന്‍മാരുടെ പീഡനം സംബന്ധിച്ചു നിരവധി വനിതകളാണു പരാതിയുമായി സൊസൈറ്റിയെ സമീപിക്കുന്നത്

മനാമ: ഭര്‍ത്താവില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന അതിക്രമങ്ങൾ കുറ്റകൃത്യമായി പരിഗണിക്കണമെന്ന ആവശ്യവുമായി ബഹ്‌റൈനിലെ വനിതാ അവകാശ സംഘടന രംഗത്ത്. ഇതിനായി പുതിയ നിയമം കൊണ്ടുവരണമെന്നാണു സംഘടന ആവശ്യപ്പെടുന്നത്.

ഇത്തരത്തിലൊരു നിയമം കൊണ്ടുവരാനുള്ള നീക്കം 2015 ല്‍ പാര്‍ലമെന്റിന്റെ ജന പ്രാതിനിധ്യ സഭയും ഷൂറ കൗണ്‍സിലും വീറ്റോ ചെയ്തിരുന്നു. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ഭാഗത്തു നിന്ന് അന്നുണ്ടായ നീക്കം അപകടകരമായിരുന്നുവെന്നാണ് സംഘടന ആരോപിക്കുന്നത്.

ബലം പ്രയോഗിച്ചു ലൈംഗിക ബന്ധം നടത്തുന്ന ഭര്‍ത്താക്കന്‍മാരുടെ പീഡനം സംബന്ധിച്ചു നിരവധി വനിതകളാണു പരാതിയുമായി സൊസൈറ്റിയെ സമീപിക്കുന്നത്. സാമൂഹികമായ അപമാനം ഭയന്ന് ഇത്തരം കേസുകളില്‍ പൊലീസില്‍ പരാതി നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അവാല്‍ വിമന്‍ സൊസൈറ്റി സാമൂഹിക ഗവേഷക ഫാത്തിമ റബീയ ചൂണ്ടിക്കാട്ടുന്നു.

വിവാഹനന്തര ബലാല്‍സംഗം കുറ്റകരമാണെന്ന നിയമ നിര്‍മാണം സാധ്യമായാല്‍ മാത്രമേ ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ സഹായിക്കാന്‍ കഴിയൂ. ഭര്‍ത്താവിനു ഭാര്യയെ മര്‍ദ്ദിക്കാനും പീഡിപ്പിക്കാനും അവകാശമുണ്ടെന്ന ബോധം സമൂഹത്തില്‍ നിലനില്‍ക്കുന്നത് അപകടകരമാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 633 ഗാര്‍ഹിക പീഡന കേസുകളാണ് ആഭ്യന്തര മന്ത്രാലയം ഫാമിലി ഗൈഡന്‍സ് ഓഫിസിലേക്കു റഫര്‍ ചെയ്തതെന്ന കാര്യവും സംഘടന ചൂണ്ടിക്കാട്ടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x