Currency

കുവൈത്തില്‍ ഡ്രോണുകളുടെ വില്‍പനക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

സ്വന്തം ലേഖകന്‍Wednesday, December 4, 2019 12:03 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രോണുകളുടെ വില്‍പനക്ക് ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന വ്യവസ്ഥകള്‍ വൈകാതെ പ്രാബല്യത്തിലാവും. ഡ്രോണുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഇവയുടെ ഉപയോഗത്തിന് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നത്.

ഡ്രോണുകളും ഹെലിക്യാമുകളും ഉപയോഗിക്കുന്നവര്‍ക്കായി ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങള്‍ സംയുക്തമായി പെരുമാറ്റച്ചട്ടം തയാറാക്കും. ഡ്രോണ്‍ ഇറക്കുമതി ചെയ്യുന്നവര്‍ ഇവയുടെ ഗുണനിലവാരം, വലിപ്പം എന്നിവ കസ്റ്റംസ് ഡിക്ലറേഷനില്‍ പൂരിപ്പിച്ച് നല്‍കണം. നല്‍കിയ വിവരങ്ങള്‍ തെറ്റാണെങ്കില്‍ ഉല്‍പ്പന്നം കണ്ടുകെട്ടുകയും ഇറക്കുമതി ചെയ്തയാള്‍ക്കെതിരെ കള്ളക്കടത്തിന് കേസെടുക്കുകയും ചെയ്യും.

ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ സിവില്‍ ഐഡി പകര്‍പ്പും വ്യക്തിഗത വിവരങ്ങളും നല്‍കേണ്ടിവരും. സാധാരണ ജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡ്രോണുകളുടെ തരം, വേഗം, ഉയരം എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കും. റഡാര്‍ നിരീക്ഷണ സംവിധാനമുള്ള ആളില്ലാ വിമാനങ്ങളും മൊബൈല്‍ ഫോണ്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന ഹെലിക്യാമുകളും നിയന്ത്രണത്തിന്റെ പരിധിയില്‍ വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x