
ദുബായ്: പെരുന്നാള്‍ പ്രമാണിച്ച് വിദ്യാലയങ്ങള്‍ അടച്ചതോടെ ദുബായ് വിമാനത്താവളത്തില്‍ വന്‍തിരക്ക്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്ക്ക്ഇത്തവണ കൂടുതല്‍ ദിവസങ്ങള്‍ അവധി ലഭിച്ചതു കാരണം പ്രവാസികളുടെ നാട്ടിലേക്കുള്ള ഒഴുക്കും തുടരുകയാണ്. ഇന്ത്യയിലേക്കുള്‍പ്പടെ എല്ലാ സെക്ടറുകളിലും നിറഞ്ഞ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദുബായ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. രണ്ടും മൂന്നും ഇരട്ടി ടിക്കറ്റ് നിരക്ക് ഉയര്‍ന്നെങ്കിലും ഇന്ത്യന്‍ സെക്ടറില്‍ വിമാനങ്ങളില്‍ സീറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. നവീകരിച്ച റണ്‍വേയുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നത് യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി.
കഴിഞ്ഞ 45 ദിവസം അടച്ചിട്ട റണ്‍വേയുടെ പ്രവര്‍ത്തനം ഇപ്പോള്‍ പതിവുപോലെയായിട്ടുണ്ട്. തെക്കുഭാഗത്തെ റണ്‍വേയിലെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയായിരുന്നു റണ്‍വേ അടച്ചിട്ടിരുന്നത്. നവീകരണത്തിന് അടച്ച കാലയളവില്‍ ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഷാര്‍ജ വിമാനത്താവളത്തിലേക്കും മറ്റുമായിരുന്നു സര്‍വീസുകള്‍ മാറ്റിയിരുന്നത്.
എമിറേറ്റസ് വിമാനത്തില്‍ മാത്രം 309,000 യാത്രക്കാരാണ് വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ യാത്ര ചെയ്യുന്നത്. പുറപ്പെടല്‍ സമയത്തിന്റെ ഒരു മണിക്കൂര്‍ മുമ്പ് പരിശോധന പൂര്‍ത്തിയാക്കാത്ത യാത്രക്കാരെ സ്വീകരിക്കാനാവില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.