Currency

ദുബായ് വിമാനത്താവളത്തിലൂടെ ഓഗസ്റ്റില്‍ മാത്രം യാത്ര ചെയ്തത് 8.2 മില്യണ്‍ പേര്‍; ഇന്ത്യ ഒന്നാമത്

സ്വന്തം ലേഖകന്‍Wednesday, September 27, 2017 8:28 am

 

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ ഓഗസ്റ്റില്‍ മാത്രം യാത്ര ചെയ്തത് 8.2 മില്യണ്‍ യാത്രക്കാരെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും റെക്കോര്‍ഡുമാണിത്. സീസണില്‍ ഉണ്ടാകുന്ന തിരക്കും യുഎഇയില്‍ താമസമാക്കിയവര്‍ അധ്യായന വര്‍ഷം ആരംഭിച്ചതോടെ തിരികെ എത്തിയതുമാണ് യാത്രക്കാരുടെ എണ്ണം ഇത്രയും വര്‍ധിക്കാന്‍ കാരണം.

ഈ വര്‍ഷം ഓഗസ്റ്റില്‍ 8,233,311 യാത്രക്കാര്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസം, 7,727,105 യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 6.6 ശതമാനത്തിന്റെ വര്‍ധനവ്. ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ ലക്ഷ്യങ്ങളില്‍ ഒന്നാമത് ഇന്ത്യയാണ്.

ഓഗസ്റ്റില്‍ 1,044,730 യാത്രക്കാരാണ് ഇന്ത്യയിലേക്ക് പറന്നത്. യുകെ (611,254), സൗദി അറേബ്യ (610,434) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഓഗസ്റ്റില്‍ 34,370 വിമാനങ്ങള്‍ ദുബായ് വഴി കടന്നു പോയപ്പോള്‍ ശരാശരി 246 യാത്രക്കാരാണ് ഒരു വിമാനത്തില്‍ യാത്ര ചെയ്തത്. ഇതും മുന്‍വര്‍ഷത്തേക്കാള്‍ ഉയര്‍ന്നതാണ്.

പുതിയ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്നു ദുബായ് വിമാനത്താവള സിഇഒ പോള്‍ ഗ്രിഫ്താസ് പറഞ്ഞു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ 57ാം വാര്‍ഷികം ഈ ആഴ്ച അവസാനം ആഘോഷിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x