Currency

ചൊവ്വാഴ്ച മുതല്‍ ദുബായ് വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കും

സ്വന്തം ലേഖകന്‍Sunday, April 14, 2019 7:49 pm

ദുബായ്: ചൊവ്വാഴ്ച മുതല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കും. 16ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് റണ്‍വേ അടയ്ക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 45 ദിവസം നീളുന്ന റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായാണ് റണ്‍വേ അടയ്ക്കുന്നത്.

റണ്‍വേ അടയ്ക്കുന്നതിനായി രണ്ട് വര്‍ഷം നീണ്ട തയ്യാറെടുപ്പുകളാണ് അധികൃതര്‍ നടത്തിയത്. ശേഷിക്കുന്ന ഒരു റണ്‍വേയുടെ പരമാവധി ശേഷി ഉപയോഗപ്പെടുത്തുന്ന തരത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കും. ഇത് കാരണം ആകെ സീറ്റുകളില്‍ 29 ശതമാനത്തിന്റെ കുറവ് മാത്രമേയുണ്ടാവുകയുള്ളൂ. സര്‍വീസുകളില്‍ പലതും ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റി ക്രമീകരിക്കും.

പ്രതിദിനം 145 യാത്രാ വിമാനങ്ങളുടെ സര്‍വീസകള്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റും. ഫ്‌ലൈ ദുബായ്, വിസ് എയര്‍, എയറോഫ്‌ലോട്ട്, ഇന്റിഗോ, സ്‌പൈസ് ജെറ്റ്, ഗള്‍ഫ് എയര്‍, ഉക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, ഉറാല്‍ എയര്‍ലൈന്‍സ്, നേപ്പാള്‍ എയര്‍ലൈന്‍സ്, കുവൈത്ത് എയര്‍ലൈന്‍സ്, ഫ്‌ലൈനാസ് തുടങ്ങിയവയുടെ സര്‍വീസായിരിക്കും മാറ്റുന്നത്.

വിവിധ വിമാന കമ്പനികള്‍ സര്‍വീസ് വെട്ടിച്ചുരുക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റുകയോ ചെയ്യും. ചില സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറ്റുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ദുബായില്‍ അറ്റകുറ്റപ്പണി നടക്കുന്ന ഒന്നര മാസം എമിറേറ്റ്‌സ് നിരവധി സര്‍വീസുകള്‍ റദ്ദാക്കിയേക്കും. വലിയ വിമാനങ്ങള്‍ എത്തിച്ച് കൂടുതല്‍ യാത്രക്കാരെ ഉള്‍പ്പെടുത്തി സര്‍വീസുകള്‍ ക്രമീകരിക്കാനാണ് എമിറേറ്റ്‌സിന്റെ തീരുമാനം.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ദുബായ് വേള്‍ഡ് സെന്ററിലെ അല്‍ മക്തൂം എയര്‍പോര്‍ട്ടിനെയും ബന്ധിപ്പിക്കുന്ന സൗജന്യ ബസ് സര്‍വീസ് തുടങ്ങും. നേരത്തെ തന്നെ സര്‍വീസുകളിലെ മാറ്റങ്ങള്‍ യാത്രക്കാരെ അറിയിക്കുമെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x