
ദുബായ്: ദുബായ്- അല്‍ഐന്‍ റോഡ് വീതികൂട്ടി ആറുവരിയാക്കുന്ന പദ്ധതിക്ക് അംഗീകാരമായി. 200 കോടി ദിര്‍ഹം ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ റോഡിന്റെ 17 കിലോമീറ്റര്‍ ഭാഗമാണ് ആറു വരിയാക്കി ഉയര്‍ത്തുന്നത്. ഇവിടെ ആറ് ഇന്റര്‍ചേഞ്ചുകള്‍ നവീകരിക്കും. ഇതു പൂര്‍ത്തിയാകുന്നതോടെ മണിക്കൂറില്‍ ഇതുവഴി 12000 വാഹനങ്ങള്‍ക്കു കടന്നുപോകാം. ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും ഇത്. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതിക്ക് അംഗീകാരം നല്കി.
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് റോഡ്, എമിറേറ്റ്സ് റോഡ് എന്നീ പ്രധാന ഹൈവേകളുമായി സുഗമമായി ദുബായ്- അലൈന്‍ റോഡിനെ ബന്ധിപ്പിക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കും. എമിറേറ്റ്സ് റോഡില്‍ നിന്ന് ഊദ് മേത്ത റോഡിലേക്കു യാത്രാ സമയവും നേരെ പകുതിയാകും. മെയ്ദാന്‍, ദുബായ് സിലിക്കണ്‍ ഒയാസിസ്, ദുബായ് ലാന്‍ഡ് റസിഡന്‍ഷ്യല്‍ കോംപ്ലക്സ്, ലിവാന്‍, ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ട് തുടങ്ങിയ പ്രദേശങ്ങള്‍ക്കു ഈ റോഡ് ഏറെ ഗുണകരമാകുമെന്ന് ആര്‍ടിഎ ചെയര്മാന് മാത്തര്‍ അല്‍ തായര്‍ ചൂണ്ടിക്കാട്ടി.
രണ്ടുഘട്ടങ്ങളായാണു നിര്‍മാണം. 130 കോടി ദിര്‍ഹം ചെലവു പ്രതീക്ഷിക്കുന്ന ആദ്യഘട്ടത്തില്‍ എമിറേറ്റ്സ് റോഡിലേക്കുള്ള ഇന്റര്‍ചേഞ്ചും മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുള്ള ഇന്റര്ചേഞ്ചുകളുമാണു നവീകരിക്കുക. 748 ദശലക്ഷം ദിര്‍ഹം ചെലവു വരുന്ന രണ്ടാം ഘട്ടത്തില്‍ മുഹമ്മദ് ബിന്‍ സായിദ് റോഡിലെ ഇന്റര്‍ചേഞ്ച് മുതല്‍ ബു കദ്ര, റാസല്‍ഖോര്‍ എന്നിവിടങ്ങളിലേക്കുള്ള പാതവരെയുള്ള പത്തുകിലോമീറ്റര്‍ വികസിപ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.