
ദുബായ്: എമിറേറ്റില്‍ ആംബുലന്‍സ് സേവനങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് കാറുകള്‍. അത്യാഹിതങ്ങള്‍ ഉണ്ടായെന്ന വിവരം ലഭിച്ചാല്‍ അതിവേഗം സംഭവസ്ഥലത്ത് കുതിച്ചെത്താന്‍ കഴിയുന്നതിനാണ് ഈ പുതിയ കാറുകളെന്ന് അധികൃതര്‍ അറിയിച്ചു.
മൂന്നു പുത്തന്‍ സ്‌പോര്‍ട്‌സ് വാഹനങ്ങളാണ് ‘ദുബായ് ആംബുലന്‍സ് ‘ സേവനങ്ങള്‍ക്കായി ഇപ്പോള്‍ രംഗത്തിറക്കിയത്. ഇതില്‍ റേഞ്ച് റോവര്‍ കാര്‍ സ്ത്രീകളുടെ സഹായ അഭ്യര്‍ഥനകള്‍ക്ക് വേണ്ടി മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിളിയെത്തിയാല്‍ ഈ വാഹനങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് നിശ്ചിത സ്ഥലത്ത് സഹായത്തിനെത്തും. എമിറേറ്റിലെ പ്രധാന ആശുപത്രികളാണു മൂന്നു വാഹനങ്ങളും സംഭാവന ചെയ്തതെന്ന് ദുബായ് ആംബുലന്‍സ് സര്‍വീസ് എക്‌സി.ഡയറക്ടര്‍ ഖലീഫ അര്‍ദറായി അറിയിച്ചു.
മൂന്നു കാറുകള്‍ കൂടി സേവന സജ്ജമായതോടെ ആംബുലന്‍സ് സേവനങ്ങള്‍ക്ക് മൊത്തം എട്ടു സ്‌പോര്‍ട്‌സ് കാറുകളായി. പുതിയ ഈ മൂന്നു കാറുകള്‍ പ്രധാന വിനോദ സഞ്ചാര മേഖലകളിലെ സേവനങ്ങള്‍ക്കാണു പ്രയോജനപ്പെടുത്തുകയെന്നു ഖലീഫ പറഞ്ഞു.
അത്യാഹിതങ്ങള്‍ നേരിടാന്‍ ആവശ്യമായ സാമഗ്രികള്‍ ഉള്ളതായിരിക്കും പുതിയ കാറുകള്‍. നാലു മിനിറ്റ് കൊണ്ടു രോഗികളുടെയും പരുക്കേറ്റവരുടെയും അടുത്ത് ആംബുലന്‍സെത്തുമെന്നു ഖലീഫ പറഞ്ഞു. മത്സരയോട്ടത്തിനുള്ള കാറുകള്‍ ആംബുലന്‍സ് സേവനത്തിനുപയോഗിക്കുന്ന ആദ്യത്തെ അറബ് നഗരമാണ് ദുബായ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.