
ദുബായ്: ദുബായ് അമര്‍ സെന്ററുകളില്‍ ഇനി എമിഗ്രേഷന്‍ വിഭാഗത്തിന്റെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാകും. സ്ഥാപനങ്ങളുടെ എമിഗ്രേഷന്‍ കാര്‍ഡ് ലഭിക്കാനും അതു പുതുക്കാനും ഇനി അമര്‍ ഹാപ്പിനെസ് സെന്ററുകളെ സമീപിക്കാം. അതോടൊപ്പം ഡിപ്പാര്‍ച്ചര്‍ പെര്‍മിറ്റ് ലഭിക്കാനും താമസ കുടിയേറ്റ പിഴകള്‍ അടയ്ക്കാനും ഓണ്‍ലൈന്‍ ഐഡിക്ക് അപേക്ഷിക്കാനും അമര്‍ കേന്ദ്രങ്ങള്‍ വഴി സാധിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.
മുന്‍പ് ഈ സേവനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ എമിഗ്രേഷന്‍ സെന്ററുകളെയാണ് സമീപിച്ചിരുന്നത്. ഇതിലൂടെ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാകുമെന്നും ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. എമിഗ്രേഷന്‍ ഓഫിസുകളില്‍ പോകാതെ ഓണ്‍ലൈനിലൂടെ വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന കേന്ദ്രങ്ങളാണ് അമര്‍ സെന്ററുകള്‍. എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ഹെല്‍ത്ത് അതോറിറ്റി തുടങ്ങിയവയുടെയും സേവനങ്ങള്‍ അമര്‍ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. നിലവില്‍ അന്‍പത്തിയാറ് അമര്‍ സെന്ററുകളാണ് ദുബായിലുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.