Currency

കാല്‍നടയാത്രക്കാരുടെ സുരക്ഷ; ദുബായില്‍ മൂന്ന് നടപ്പാലങ്ങള്‍

സ്വന്തം ലേഖകന്‍Sunday, November 4, 2018 12:50 pm

ദുബായ്: ആര്‍ടിഎ (റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി) ദുബായില്‍ വ്യത്യസ്ത ഇടങ്ങളില്‍ മൂന്നു നടപ്പാലങ്ങള്‍ നിര്‍മിക്കും. മറീന, റിഫാ സ്ട്രീറ്റിനു സമീപം ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റ്, അല്‍ അസായേല്‍ ജംക്ഷനു സമീപം അറേബ്യന്‍ റാഞ്ചസ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് നടപ്പാലങ്ങള്‍ നിര്‍മിക്കുന്നത്.

മറീനയില്‍ നിര്‍മിക്കുന്ന നടപ്പാലത്തിന് നാലു ദിക്കിലേക്കും എസ്‌കലേറ്റര്‍ സൗകര്യവുമുണ്ടാകും. കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റില്‍ നിര്‍മിക്കുന്ന നടപ്പാലത്തിനാണ് ഈ സൗകര്യം. വ്യത്യസ്തമായ രൂപകല്‍പനയാണ് ഇതിനു നല്‍കിയിട്ടുള്ളത്. കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റില്‍ നിര്‍മിക്കുന്ന നടപ്പാലത്തിന്റെ രൂപകല്‍പന രാജ്യത്തുതന്നെ ആദ്യമാണ് ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടെ കടല്‍ത്തീരമായതിനാല്‍ നടപ്പാത ഉപയോഗിക്കുന്നവര്‍ക്കും കാഴ്ച കാണാനും മറ്റും സൗകര്യപ്രദമായ രീതിയിലാവും നിര്‍മാണം. 65 മീറ്റര്‍ നീളമുള്ള നടപ്പാലത്തിന് മണിക്കൂറില്‍ നാലായിരം പേരെ ഉള്‍ക്കൊള്ളാനാവും.

അടുത്ത വര്‍ഷം ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നു കരുതുന്നു. മറീനയിലെ ഈ ജംക്ഷനില്‍ 2300 ആളുകളും 2000 വാഹനങ്ങളും ഗതാഗതം കൂടുന്ന സമയത്ത് ഉണ്ടാകും. വാരാന്ത്യങ്ങളില്‍ ജെബിആറിലേക്കു പോകാന്‍ ആയിരത്തിലധികം ആളുകള്‍ ഇവിടെ റോഡ് മുറിച്ചു കടക്കാറുണ്ട്. കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്കും ഗതാഗതം സുഗമമാക്കുന്നതിനുമാണ് ഇത്രയും നടപ്പാലങ്ങള്‍ അടിയന്തരമായി നിര്‍മിക്കുന്നതെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x