മുഷ്‌രിഫ് പാര്‍ക്കിനടുത്തായി 20,000 ചതുരശ്ര മീറ്ററിലാണ് ദുബായ് മുതല പാര്‍ക്ക് നിര്‍മിക്കുന്നത്. ഫ്രാന്‍സിലെ മുതല പാര്‍ക്കിന്റെ മാതൃകയാണു ദുബായ് പാര്‍ക്ക് പിന്തുടരുന്നത്.
ദുബായ്: ദുബായ് മുതല പാര്‍ക്ക് ഉദ്ഘാടനം അടുത്തവര്‍ഷം അവസാനപാദത്തിലേക്കു മാറ്റി. നേരത്തേ തീരുമാനിച്ചിരുന്ന തീയതിയില്‍ പാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയാകില്ലെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 43% പൂര്‍ത്തിയായതായും ദുബായ് മുനിസിപ്പാലിറ്റി പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് ഡയറക്ടറും ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ ജുമാ അല്‍ ഫുഖാഇ പറഞ്ഞു. മുഷ്‌രിഫ് പാര്‍ക്കിനടുത്തായി 20,000 ചതുരശ്ര മീറ്ററിലാണ് ദുബായ് മുതല പാര്‍ക്ക് നിര്‍മിക്കുന്നത്. ഫ്രാന്‍സിലെ മുതല പാര്‍ക്കിന്റെ മാതൃകയാണു ദുബായ് പാര്‍ക്ക് പിന്തുടരുന്നത്.

ഏറ്റവും ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പാര്‍ക്ക് മധ്യപൂര്‍വദേശത്തെ ഇത്തരത്തിലുള്ള ആദ്യത്തേതായിരിക്കും. ശുദ്ധജലത്തില്‍ വളരുന്ന ഏറ്റവും വലിയ നൈല്‍മുതലകളടക്കം നൂറുകണക്കിനു മുതലകളാണ് ഇവിടെ ഉണ്ടാവുക. അക്വേറിയം, പൂള്‍, വെള്ളച്ചാട്ടം തുടങ്ങിയവ പ്രത്യേകതകളാണ്. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു 10 കിലോമീറ്റര്‍ അകലെ, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, ട്രിപൊളി സ്ട്രീറ്റ്, ഖവാനീജ് റോഡ് എന്നിവയോടു ചേര്‍ന്നാണു മുതല പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നത്.
മിതമായ നിരക്കായിരിക്കും സന്ദര്‍ശകരില്‍നിന്നു പ്രവേശനത്തിന് ഈടാക്കുക. കുട്ടികള്‍, കുടുംബം, അറബ്- വിദേശ സന്ദര്‍ശകര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരിക്കും സന്ദര്‍ശകരെ അനുവദിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.