
ദുബായ്: ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് സഹോദരന്മാരും വിവാഹിതരായി. ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനെയാണ് ശൈഖ് ഹംദാന്‍ ജീവതസഖിയാക്കിയത്. ശൈഖ് ഹംദാന്റെ സഹോദരനും ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ്, മറ്റൊരു സഹോദരനും മുഹമ്മദ് ബിന്‍ റാഷിദ് നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദുമാണ് വിവാഹിതരായത്. ദുബായ് രാജകുമാരി ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും ഇന്‍സ്റ്റാഗ്രാമിലൂടെ സഹോദരന്‍മാര്‍ക്ക് ആശംസ അറിയിച്ചതോടെയാണ് വിവാഹ വാര്‍ത്ത പുറത്തറിഞ്ഞത്.
അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങിലുണ്ടായിരുന്നത്. ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹ കര്‍മ്മങ്ങളും വിവാഹ കരാറില്‍ ഒപ്പുവെയ്ക്കലും മാത്രമാണ് കഴിഞ്ഞ ദിവസം നടന്നത്. മറ്റ് ചടങ്ങുകളുടെ തീയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ല. യുഎഇയിലെ പ്രമുഖ വ്യക്തികള്‍ മൂവര്‍ക്കും സോഷ്യല്‍ മീഡിയ വഴി അഭിനന്ദങ്ങള്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.