മുഖ്യഷോറൂം എന്ന നിലയ്ക്ക് ദുബായില്‍ 'സൂപ്പര്‍സ്റ്റോര്‍ ഓഫ് ദ ഫ്യൂച്ചര്‍' എന്ന ഔട്‌ലെറ്റ് സ്ഥാപിക്കുകയും ഓണ്‍ലൈനിലൂടെ ഗിഫ്റ്റ് ഇനങ്ങള്‍ വില്പനയ്‌ക്കെത്തിക്കുകയും ചെയ്യും. 3000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലായിരിക്കും ദുബായിലെ ഷോറൂം ഒരുക്കുക.
ദുബായ്: എക്‌സ്‌പോ 2020 മേളയുടെ ഭാഗമായി രാജ്യത്തുടനീളം സുവനീറുകള്‍ വില്‍ക്കുന്ന ചെറുകിട ഔട്‌ലെറ്റുകള്‍ തുറക്കുന്നു. മുഖ്യഷോറൂം എന്ന നിലയ്ക്ക് ദുബായില്‍ ‘സൂപ്പര്‍സ്റ്റോര്‍ ഓഫ് ദ ഫ്യൂച്ചര്‍’ എന്ന ഔട്‌ലെറ്റ് സ്ഥാപിക്കുകയും ഓണ്‍ലൈനിലൂടെ ഗിഫ്റ്റ് ഇനങ്ങള്‍ വില്പനയ്‌ക്കെത്തിക്കുകയും ചെയ്യും. 3000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലായിരിക്കും ദുബായിലെ ഷോറൂം ഒരുക്കുക. ഇവിടെ എക്‌സ്‌പോയുമായി ബന്ധപ്പെട്ട അയ്യായിരത്തില്‍പരം ഉത്പന്നങ്ങള്‍ വില്പനയ്‌ക്കെത്തിക്കും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 70 കമ്പനികളില്‍ നിന്നായി ഉത്പന്നങ്ങള്‍ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എക്‌സ്‌പോ സംഘാടകസമിതി അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവയില്‍ മൂന്നിലൊന്ന് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളായിരിക്കും.
എക്‌സ്‌പോ മേളയ്ക്കായി രാജ്യത്തെത്തുന്നവര്‍ക്ക് മേളയുടെ ഓര്‍മയ്ക്കായി കൈയില്‍ കരുതാന്‍ കൗതുകമുണര്‍ത്തുന്ന കരകൗശലഉത്പന്നങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ രൂപകല്പന ചെയ്തവയായിരിക്കും ഇവ. നാല് വിഭാഗങ്ങളായി തിരിച്ചാണ് കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍, ചെരുപ്പിനങ്ങള്‍, ആഭരണങ്ങള്‍, സിറാമിക് ഉത്പന്നങ്ങള്‍, പുസ്തകങ്ങള്‍, നാണയം, സ്റ്റാമ്പുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നവയാണ് ആദ്യത്തേത്. പരമ്പരാഗത ഇമാറാത്തി ഉത്പന്നങ്ങളുടെ വിതരണക്കാരാണ് രണ്ടാമത്തെ വിഭാഗം. ഊദില്‍ നിന്നുള്ള സുഗന്ധലേപനങ്ങള്‍, കരനിര്‍മിതപരവതാനികള്‍, സിറാമിക് ഉത്പന്നങ്ങള്‍, വെള്ളിയാഭരണങ്ങളും ഉത്പന്നങ്ങളും, സുഗന്ധവ്യഞ്ജനങ്ങള്‍, ഈന്തപ്പഴം, ഒട്ടകപ്പാലില്‍ നിന്നുള്ള ചോക്ലേറ്റുകള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്നവര്‍ ഈ വിഭാഗത്തിലുള്‍പ്പെടും. മുന്തിയയിനം ആഡംബര ഉത്പന്നങ്ങളാണ് മറ്റൊന്ന്.
ടൈംപീസ്, വാച്ചുകള്‍, വിലകൂടിയ ആഭരണങ്ങള്‍, തുകലുത്പന്നങ്ങള്‍, ഏറ്റവും പുതിയ ഫാഷനുകളിലുള്ള വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദകര്‍ക്ക്/വിതരണക്കാര്‍ക്ക് അപേക്ഷിക്കാം. 2017, 2018 വര്‍ഷങ്ങളിലായി ലേലനടപടികള്‍ പൂര്‍ത്തിയാകും. എക്‌സ്‌പോ 2020ന്റെ ഇ സോഴ്‌സിംഗ് പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കാളികളാകാം. എക്‌സ്‌പോയുടെ ലൈസന്‍സ് നേടുന്നത് സംരംഭങ്ങള്‍ക്ക് ഭാവിയിലും ഗുണകരമാകുമെന്ന് ദുബായ് എക്‌സ്‌പോ വാണിജ്യവിഭാഗം വൈസ് പ്രസിഡന്റ് ഗിലിയന്‍ ഹാംബര്‍ഗര്‍ ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.