Currency

ദുബായ് ഫിറ്റ്‌നസ് ചാലഞ്ചിനു ശനിയാഴ്ച സമാപനം

സ്വന്തം ലേഖകന്‍Friday, November 15, 2019 1:47 pm

ദുബായ്: ദുബായ് ഫിറ്റ്‌നസ് ചാലഞ്ചിനു വര്‍ണാഭ പരിപാടികളോടെ നാളെ സമാപനം. ഫെസ്റ്റിവല്‍ സിറ്റി ഫിറ്റ്‌നസ് വില്ലേജില്‍ നാളെ വൈകിട്ട് 8 നു കരിമരുന്നു പ്രയോഗം ഉണ്ടാകും. കലാ, കായിക മേളകളും ഒരുക്കുന്നുണ്ട്. വാരാന്ത്യ ദിനമായ ഇന്നു വിവിധയിടങ്ങളില്‍ രാജ്യാന്തര പരിശീലകരുടെ നേതൃത്വത്തില്‍ കായിക പരിപാടികള്‍ സംഘടിപ്പിക്കും. ദുബായ് സിലിക്കണ്‍ ഒയാസിസ്, ഹത്ത ഫോര്‍ട്ട് ഹോട്ടല്‍, സബീല്‍ പാര്‍ക്ക്, ഹംദാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്നിവിടങ്ങളിലും ഇന്നു വിവിധ പരിശീലന പരിപാടികള്‍ ഉണ്ടാകും.

ചാലഞ്ചിനോട് അനുബന്ധിച്ചു കഴിഞ്ഞ വെള്ളിയാഴ്ച ഷെയ്ഖ് സായിദ് റോഡില്‍ നടന്ന ദുബായ് റണ്ണില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 70,000 ല്‍ ഏറെ പേരാണു പങ്കെടുത്തത്. ചരിത്രത്തില്‍ ആദ്യമായി ദുബായിയുടെ രാജപാത ഏതാനും മണിക്കൂറുകള്‍ അടച്ചിട്ടായിരുന്നു കൂട്ടയോട്ടം. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇതിനു നേതൃത്വം നല്‍കിയത് ആവേശം ഇരട്ടിയാക്കി. വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ വരെയുള്ളവരെ ആരോഗ്യ ട്രാക്കില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് ഷെയ്ഖ് ഹംദാന്‍ 2017ലാണ് ഫിറ്റ്‌നസ് ചാലഞ്ചിനു തുടക്കമിട്ടത്.

ജീവിതശൈലീ രോഗങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ വ്യായാമം പതിവാക്കി ആരോഗ്യം വീണ്ടെടുക്കണമെന്നാണ് ദുബായ് സ്പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഷെയ്ഖ് ഹംദാന്റെ ആഹ്വാനം. ഒരാളെ അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യിപ്പിച്ച് ആരോഗ്യ ശീലങ്ങളിലേക്ക് ആകര്‍ഷിക്കുകയാണു ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x