Currency

ദുബായ് ഫിറ്റ്‌നസ് ചലഞ്ച് വീണ്ടും; ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 16 വരെ

സ്വന്തം ലേഖകന്‍Monday, September 30, 2019 2:08 pm

ദുബായ്: ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടത്തുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ച് (ഡിഎഫ് സി) 30ഃ30 വീണ്ടും. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 16 വരെയാണ് ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫിറ്റ്‌നസ് ചലഞ്ച് നടത്തുന്നത്. ആരോഗ്യസുരക്ഷാ ബോധവത്കരണ പരിപാടി ഇപ്രാവശ്യം ജിസിസിയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും. ദുബായിയെ ലോകത്തെ ഏറ്റവും ആരോഗ്യവും സന്തോഷവുമുള്ള നഗരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിറ്റ്‌നസ് ചലഞ്ച് സംഘടിപ്പിക്കുന്നത്.

വിവിധ വ്യായാമ പരിപാടികള്‍ക്ക് പുറമേ സൈക്ലിങ്, ഫൂട്‌ബോള്‍, കയാകിങ്, ടീം സ്‌പോര്‍ട്‌സ്, നടത്തം, യോഗ എന്നിവയും ഉണ്ടായിരിക്കും. കൂടാതെ, ഫിറ്റ്‌നസ് ക്ലാസുകളും വാരാന്ത്യത്തില്‍ കാര്‍ണിവലുമുണ്ടായിരിക്കും. തങ്ങളുടെ ആരോഗ്യം പരിപാലിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ പ്രായക്കാര്‍ക്കും പരിപാടികളില്‍ പങ്കെടുക്കാം. കഴിഞ്ഞ വര്‍ഷം 2017നേക്കാളും 34% വര്‍ധനവാണ് പങ്കാളിത്തത്തില്‍ ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം 10 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ പറഞ്ഞു.

എല്ലാ ദിവസവും തുടര്‍ച്ചയായ 30 മിനിറ്റ് നേരം വീതം വ്യായാമ പരിപാടികളില്‍ ഏര്‍പ്പെടുക എന്നതാണ് ഡിഎഫ് സിയുടെ പ്രധാന ഇനം. 30 ദിവസം ഇത് നീണ്ടുനില്‍ക്കും. ഫിറ്റ്‌നസ് ഗ്രാമങ്ങള്‍, കമ്യൂണിറ്റി സെന്‍ട്രിക് ഫിറ്റ്‌നസ് ഹബുകള്‍, കായിക കേന്ദ്രങ്ങള്‍ എന്നിവയിലേയ്ക്ക് സൗജന്യമായാണ് പ്രവേശനം. താത്പര്യമുള്ളവര്‍ക്ക് ദുബായ് ഫിറ്റ്‌നസ് ആപ്പിലൂടെയും ദുബായ് ഫിറ്റ്‌നസ് ചലഞ്ച് വെബ് സൈറ്റിലൂടെയും പേര് റജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dubaifitnesschallenge.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x