Currency

ദുബായില്‍ 2020 ഓടെ പറക്കും ടാക്സികള്‍ വരുന്നു

സ്വന്തം ലേഖകന്‍Friday, April 28, 2017 10:02 am

ചെറിയ ഇലക്ട്രിക് എയര്‍ക്രാഫ്റ്റുകളാകും പറക്കും ടാക്സിക്കായി ഉപയോഗിക്കുക. കുത്തനെ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും ഇവയ്ക്ക് കഴിയും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 160 കിലോമീറ്റര്‍ സഞ്ചരിക്കാം.

ദുബായ്: 2020 മുതല്‍ ഡള്ളാസ്, ടെക്സാസ്, ദുബായ് എന്നീ നഗരങ്ങളില്‍ പറക്കും ടാക്സി സര്‍വീസ് ആരംഭിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. അമേരിക്ക ആസ്ഥാനമായ ആഗോള ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ യൂബറുമായി ചേര്‍ന്നാണ് ആര്‍ടിഎ പറക്കും ടാക്‌സികള്‍ ഒരുക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് യൂബര്‍ പറക്കും ടാക്സി സര്‍വീസ് സര്‍വ്വീസ് പ്രഖ്യാപിച്ചത്.

വേള്‍ഡ് എക്‌സ്പോ 2020നോടനുബന്ധിച്ച് പറക്കും ടാക്‌സികളുടെ പരീക്ഷണയോട്ടം നടത്താനാണ് ദുബായ് റോഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ പദ്ധതി. ടാക്സികളുടെ രൂപകല്‍പന, റൂട്ട്, നിരക്ക്, സഞ്ചാരം എന്നിവ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ചെറിയ ഇലക്ട്രിക് എയര്‍ക്രാഫ്റ്റുകളാകും പറക്കും ടാക്സിക്കായി ഉപയോഗിക്കുക. കുത്തനെ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും ഇവയ്ക്ക് കഴിയും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 160 കിലോമീറ്റര്‍ സഞ്ചരിക്കാം. വന്‍കിട ഹോട്ടലുകളുടെ മുകളില്‍നിന്നും സാധാരണ ഗ്രൗണ്ടുകളില്‍നിന്നും പറന്നുയരാന്‍ കഴിയുന്ന, മണിക്കൂറില്‍ 150 മൈല്‍ വേഗമുള്ള അധികം ശബ്ദമില്ലാത്ത എയര്‍ക്രാഫ്റ്റുകളാകും യൂബര്‍ അവതരിപ്പിക്കുക.

ആദ്യഘട്ടത്തില്‍ പൈലറ്റിന്റെ സഹായത്തോടെയും പിന്നീട് പൈലറ്റില്ലാതെയും ഈ വാഹനങ്ങള്‍ പറത്താനാണ് പദ്ധതിയിടുന്നതെന്ന് യുഎഇയിലെ യുബര്‍ ജനറല്‍ മാനേജര്‍ ക്രിസ് ഫ്രീ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x