Currency

ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ ഏഴിന് തുടക്കം

സ്വന്തം ലേഖകന്‍Friday, November 25, 2016 10:52 am

ലോക സിനിമയില്‍ നിന്ന് 57 സിനിമകളുടെ ആദ്യപ്രദര്‍ശനത്തിന് ദുബൈ മേള വേദിയാകും. പശ്ചിമേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളില്‍ ആദ്യ പ്രദര്‍ശനം നടക്കുന്ന 94 സിനിമകളും മേളയുടെ പ്രത്യേകതയാണ്.

ദുബായ്: പതിമൂന്നാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ ഏഴിന് തുടക്കം. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ 55 രാജ്യങ്ങളില്‍ നിന്നുള്ള 156 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമയില്‍ നിന്ന് 57 സിനിമകളുടെ ആദ്യപ്രദര്‍ശനത്തിന് ദുബൈ മേള വേദിയാകും. പശ്ചിമേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളില്‍ ആദ്യ പ്രദര്‍ശനം നടക്കുന്ന 94 സിനിമകളും മേളയുടെ പ്രത്യേകതയാണ്. മികച്ച നിരവധി അറബ് സിനിമകളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 63 അറബ് ചിത്രങ്ങളാണ് മേളയിലുള്ളത്.

ഹിന്ദി നടി രേഖ, സാമുവല്‍ എല്‍ ജാക്‌സണ്‍, ഗബ്രിയേല്‍ യാരിദ് എന്നിവര്‍ക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കും. മലയാളം സിനിമയ്ക്ക് മേളയില്‍ പ്രാതിനിധ്യം തീരെയില്ല. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ പുതുസിനിമകളിലൂടെ ലോക സിനിമയുടെ നവമാറ്റം തന്നെയാകും പ്രധാനമായും അടയാളപ്പെടുത്തുകയെന്ന് മേളയുടെ ചെയര്‍മാന്‍ അബ്ദുല്‍ ഹാമിദ് ജുമുഅ പറഞ്ഞു. ഉദ്ഘാടന ചിത്രമായി ജോണ്‍ മാഡനിന്റെ ‘മിസ് സ്‌ളൊആനെ’ പ്രദര്‍ശിപ്പിക്കും. ‘റഫ് വണ്‍: എ സ്റ്റാര്‍ വാര്‍സ് സ്റ്റോറി’യാണ് സമാപന ചിത്രം.

വാണി കപൂര്‍, രണ്‍വീര്‍ സിങ് എന്നിവര്‍ അഭിനയിച്ച ഹിന്ദി ചിത്രം ‘ബെഫിക്‌റെ’ മേളയില്‍ ഇടം പിടിച്ചു. സിറിയ ഉള്‍പ്പെടെ രാഷ്ട്രീയ കാലുഷ്യം നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ ദുരിതം പ്രമേയമായ ചിത്രങ്ങളും മേളയുടെ ഭാഗമാണ്. മദീനത്ത് ജുമൈറ അരീന, മദീനത്ത് തിയറ്റര്‍, സൂഖ് മദീനത്ത് ജുമൈറ’, മാള്‍ ഓഫ് എമിറേറ്റ്‌സിലെ വോക്‌സ് സിനിമാ തിയറ്ററുകള്‍ എന്നിവയ്ക്കു പുറമെ ജെ.ബി.ആറിന് എതിര്‍വശത്തുള്ള ബീച്ചിലും സിനിമാ പ്രദര്‍ശനം നടക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x