Currency

ഇ-സ്‌കൂട്ടറുകള്‍ വാടകയ്ക്ക്; സൈക്കിള്‍ ട്രാക്കുകളില്‍ ഇവ ഉപയോഗിക്കാം

സ്വന്തം ലേഖകന്‍Saturday, October 24, 2020 12:33 pm

ദുബായ്: തിങ്കള്‍ മുതല്‍ ഇ-സ്‌കൂട്ടറുകള്‍ വാടകയ്ക്കു ലഭ്യമാകും. നിശ്ചിത സൈക്കിള്‍ ട്രാക്കുകളില്‍ ഇവ ഉപയോഗിക്കാം. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്ന് ആര്‍ടിഎ വ്യക്തമാക്കി. മുഹമ്മദ് ബിന്‍ റാഷിദ് ബൊലെവാഡ്, ദുബായ് ഇന്റര്‍നെറ്റ് സിറ്റി, സെക്കന്‍ഡ് ഓഫ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ റിഗ്ഗ, ജുമൈറ ലെയ്ക് ടവേഴ്‌സ് എന്നീ 5 സോണുകളിലാണ് സര്‍വീസ് ആരംഭിക്കുന്നത്. അനുവദനീയ മേഖലകളിലെ നിശ്ചിത ട്രാക്കുകളില്‍ മാത്രമാണ് അനുവാദം.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുവാഹനമാണ് ഇലക്ട്രിക് സ്‌കൂട്ടര്‍. ചെറുചക്രങ്ങളും ഉയര്‍ന്ന ഹാന്‍ഡിലുമുള്ള വാഹനം ഒട്ടേറെ പേര്‍ ഉപയോഗിക്കുന്നു. ഇവ മടക്കി കയ്യില്‍ വയ്ക്കാം. ധാരാളം ഇന്ത്യക്കാരും ഉപയോഗിക്കുന്നു. അമതസമയം അശ്രദ്ധമായ ഉപയോഗം മൂലം അപകടങ്ങള്‍ കൂടിയതോടെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

5 കമ്പനികള്‍ക്കാണു നടത്തിപ്പ് ചുമതലയെന്നു ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസൈന്‍ മുഹമ്മദ് അല്‍ ബന്ന പറഞ്ഞു. കരീം, ലൈം, ടിയര്‍, സ്വദേശി കമ്പനികളായ അര്‍ണബ്, സിക്രത് എന്നിവയ്ക്കാണു ചുമതല. ഇ- സ്‌കൂട്ടറുകളുടെ അറ്റകുറ്റപ്പണിയടക്കമുള്ള കാര്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം അതത് കമ്പനികള്‍ക്കാണെന്നും വ്യക്തമാക്കി.

പരിസ്ഥിതി സൗഹൃദ വാഹനങ്ങളായ സൈക്കിളുകള്‍ക്കും ഇ- സ്‌കൂട്ടറുകള്‍ക്കും നൂതന സംവിധാനങ്ങളോടെ കൂടുതല്‍ ട്രാക്കുകള്‍ നിര്‍മിക്കുകയാണ്. ഇരു വാഹനങ്ങള്‍ക്കും ഒരു ട്രാക്ക് മതിയാകും. മെട്രോ സ്റ്റേഷനുകള്‍, മാളുകള്‍, ഉല്ലാസ കേന്ദ്രങ്ങള്‍, മറ്റു പ്രധാന മേഖലകള്‍ എന്നിവയുമായി ബന്ധിപ്പിച്ചാകും ട്രാക്കുകള്‍. ഗതാഗതമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇവ വഴിയൊരുക്കുമെന്നാണു പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x