Currency

സ്വവര്‍ഗ വിവാഹത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന പുസ്തകം യുഎഇയിലെ സ്‌കൂള്‍ പിന്‍വലിച്ചു

സ്വന്തം ലേഖകന്‍Wednesday, October 10, 2018 2:23 pm

ദുബായ്: സ്വവര്‍ഗ വിവാഹത്തെ കുറിച്ച് പരാമര്‍ശിക്കുന്ന പാഠപുസ്തകം രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് യുഎഇയിലെ സ്‌കൂളില്‍ നിന്ന് പിന്‍വലിച്ചു. രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേരാത്ത ഉള്ളടക്കമുള്ള പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബ്രിട്ടീഷ് സിലബസ് അനുസരിച്ച് ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളിലെ പുസ്തകത്തിലെ പരാമര്‍ശത്തിനെതിരെയാണ് എതിര്‍പ്പുയര്‍ന്നത്. അതേസമയം രാജ്യത്തിന്റെ സാമൂഹിക-സാംസ്‌കാരിക മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്നവയാകണം പുസ്തകങ്ങളെന്ന് യുഎഇ നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോരിറ്റി (കെഎച്ച്ഡിഎ) നിര്‍ദ്ദേശിച്ചു.

എല്ലാ കുടുംബങ്ങളും ഒരുപോലെയല്ല വ്യത്യസ്തമാണെന്ന് പഠിപ്പിക്കുന്ന പാഠഭാഗത്താണ് സ്വവര്‍ഗവിവാഹം കഴിക്കുന്നവരെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇത്തരം വിവാഹങ്ങള്‍ സാധാരണമാണെന്ന് വിശദീകരിക്കുന്ന ഭാഗം ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കളാണ് പരാതിയുമായി സ്‌കൂള്‍ അധികൃതരെ സമീപിച്ചത്. സ്‌കൂള്‍ അധികൃതരോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പുസ്തകം ഉടനെ തിരികെ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

രാജ്യത്തെ സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ ഇവിടുത്തെ സാമൂഹിക-സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് നിരക്കുന്നതാവണമെന്ന് കെഎച്ച്ഡിഎ നിര്‍ദ്ദേശിച്ചു. ഈ രംഗത്ത് നിയമങ്ങളും ചട്ടങ്ങളും പാലിക്കുപ്പെടുന്നുണ്ടോയെന്ന് കെഎച്ച്ഡിഎ നിരന്തരമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഗുണമേന്മയുള്ളതും ക്രിയാത്മകവുമായ വിദ്യാഭ്യാസം നല്‍കാനാണ് സ്‌കൂളുകള്‍ ശ്രദ്ധിക്കേണ്ടതെന്നും കെ.എച്ച്ഡി.എ നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x