Currency

ദുബായില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചും ഫെറി സര്‍വീസ് ആരംഭിച്ചു

സ്വന്തം ലേഖകന്‍Sunday, July 28, 2019 12:06 pm

ദുബായ്: ദുബായില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചും ഫെറി സര്‍വീസ് ആരംഭിച്ചു. നിത്യേന 42 സര്‍വീസുകളായിരിക്കും ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. 35 മിനിറ്റിനുള്ളില്‍ ഇനി ബര്‍ദുബായില്‍ നിന്ന് ഷാര്‍ജയിലെത്താം. ദുബായ് അല്‍ ഗുബൈബ മറൈന്‍ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വേറിയം മറൈന്‍ സ്റ്റേഷനിലേക്കാണ് ബോട്ട് സര്‍വീസ് തുടങ്ങിയത്.

ദുബായ് ആര്‍.ടി.എയാണ് ഈ നൂതന സംരംഭത്തിന് പിന്നില്‍. സില്‍വര്‍ ക്ലാസിന് 15ഉം ഗോര്‍ഡ് ക്ലാസിന് 25ഉം ദിര്‍ഹമായിരിക്കും നിരക്ക്. ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ ഫെറി സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉയര്‍ന്ന നിലവാരമുള്ള സംവിധാനം തന്നെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഷാര്‍ജയില്‍ താമസിച്ച് ദുബായില്‍ ജോലി ചെയ്യുന്ന സാധാരണക്കാരുടെ ജീവിതം തന്നെ കടത്തു ബോട്ട് സര്‍വീസ് മാറ്റി മറിക്കുമെന്ന് ആര്‍.ടി.എ അധികൃതര്‍ വ്യക്തമാക്കി.

ഷാര്‍ജയില്‍ നിന്ന് കാലത്ത് അഞ്ചിനും ദുബായില്‍ നിന്ന് 5:15നും ആയിരിക്കും ബോട്ട് സര്‍വീസിന്റെ തുടക്കം. കാലത്തും വൈകീട്ടും തിരക്കുള്ള സമയങ്ങളില്‍ ഓരോ അരമണിക്കൂറിലും സര്‍വീസ് ഉണ്ടാകും. മറ്റ് സമയങ്ങളില്‍ ഒന്നര മണിക്കൂറിന്റെ ഇടവേളയുണ്ടാകും. ഷാര്‍ജ സ്റ്റേഷനില്‍ ഫെറി യാത്രക്കാര്‍ക്ക് സൗജന്യ പാര്‍ക്കിങ്ങിനും സൗകര്യമുണ്ടാവും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു ടിക്കറ്റ് ആവശ്യമില്ല എന്നും ആര്‍ടിഎ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x