Currency

ഊര്‍ജോപയോഗം കുറയ്ക്കാന്‍ ദുബായില്‍ കെട്ടിടങ്ങള്‍ക്ക് റേറ്റിങ് ഏര്‍പ്പെടുത്തുന്നു

സ്വന്തം ലേഖകന്‍Thursday, October 5, 2017 2:03 pm

ദുബായ് മുനിസിപ്പാലിറ്റിയാണ് റേറ്റിങ് ഏര്‍പ്പെടുത്തുന്നത്. അടുത്തവര്‍ഷം ആദ്യം മുതല്‍ കെട്ടിടങ്ങള്‍ക്ക് റേറ്റിങ് നല്‍കും. ഗ്രീന്‍ റേറ്റിങ് സംവിധാനമായ 'അല്‍ സാഫത്' ആണ് ഘട്ടം ഘട്ടമായി ആരംഭിക്കുന്നത്.

ദുബായ്: ഊര്‍ജോപയോഗം പരമാവധി കുറയ്ക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായില്‍ കെട്ടിടങ്ങള്‍ക്ക് റേറ്റിങ് ഏര്‍പ്പെടുത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിയാണ് റേറ്റിങ് ഏര്‍പ്പെടുത്തുന്നത്. അടുത്തവര്‍ഷം ആദ്യം മുതല്‍ കെട്ടിടങ്ങള്‍ക്ക് റേറ്റിങ് നല്‍കും. ഗ്രീന്‍ റേറ്റിങ് സംവിധാനമായ ‘അല്‍ സാഫത്’ ആണ് ഘട്ടം ഘട്ടമായി ആരംഭിക്കുന്നത്. വീടിന്റെ ഉള്ളിലും കുളിര്‍മയുണ്ടാകാനായി പനയോലകള്‍കൊണ്ടു മേല്‍ക്കൂര മേയുന്ന പരമ്പരാഗത അറബിക് രീതിയാണ് സാഫത്.

വൈദ്യുതി ഉപയോഗം 20%, ജലോപയോഗം 15%, കാര്‍ബണ്‍ ഡയോക്‌സൈഡ് പുറംതള്ളുന്നത് 20%, മാലിന്യ ഉല്‍പാദനം 50% എന്നിങ്ങനെ പദ്ധതി വഴി ഊര്‍ജോപയോഗം കുറയ്ക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ആസൂത്രണം, രൂപകല്‍പന, നടപ്പാക്കല്‍, പ്രവര്‍ത്തനം തുടങ്ങിയവ ഘട്ടം ഘട്ടമായി നടപ്പാക്കി മനുഷ്യ, പരിസ്ഥിതി ആരോഗ്യം പ്രോല്‍സാഹിപ്പിക്കുകയാണു ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

പ്ലാറ്റിനം, സ്വര്‍ണം, വെള്ളി, വെങ്കലം എന്നീ വിഭാഗങ്ങളിലായാണു കെട്ടിടങ്ങളെ തരംതിരിക്കുന്നത്. എല്ലാ കെട്ടിടങ്ങളും കുറഞ്ഞതു വെങ്കല വിഭാഗത്തിലെങ്കിലും ഉള്‍പ്പെട്ടിരിക്കണം. സ്വകാര്യവില്ലകള്‍, വ്യവസായ കെട്ടിടങ്ങള്‍ എന്നിവയ്ക്കു വെങ്കല റേറ്റിങ് എങ്കിലും ഉണ്ടായിരിക്കണം. നിക്ഷേപം എന്ന നിലയിലുള്ള വില്ലകള്‍, പൊതു കെട്ടിടങ്ങള്‍, ബഹുനില കെട്ടിടങ്ങള്‍ തുടങ്ങിയവയ്ക്കു വെങ്കല, വെള്ളി റേറ്റിങ് നിര്‍ബന്ധമാണ്. പുതിയ എല്ലാ കെട്ടിടങ്ങള്‍ക്കും സ്വര്‍ണ, പ്ലാറ്റിനം റേറ്റിങ്ങില്‍ ഏതെങ്കിലും വേണമെന്നാണു നിബന്ധന.

പരിസ്ഥിതി സൗഹൃദ കെട്ടിട സംവിധാനത്തിനായി നിര്‍മാണത്തിന്റെ ആദ്യഘട്ടം മുതല്‍ പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ കൃത്യമായി അവലംബിക്കാന്‍ വേണ്ട ഏകോപനം നടത്താനും അധികൃതര്‍ ശ്രമിക്കുമെന്ന് ബില്‍ഡിങ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ലയാലി അല്‍ മുല്ല പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x